ഓസ്ട്രേലിയ ഔട്ട്!!! ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലില്‍

Sports Correspondent

ടി20 ലോകകപ്പ് ഫൈനലില്‍ ഇടം പിടിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റ് വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 134/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. ഇതാദ്യമായാണ് ടി20 ലോകകപ്പ് ഫൈനൽ കാണാതെ ഓസ്ട്രേലിയ പുറത്താകുന്നത്.

Sawomen

44 റൺസുമായി ബെത്ത് മൂണി ഓസീസ് നിരയിലെ ടോപ് സ്കോറര്‍ ആയെങ്കിലും ടി20 ശൈലിയിൽ ബാറ്റ് വീശുവാന്‍ താരത്തിനായില്ല. താഹ്‍ലിയ മഗ്രാത്തും 27 റൺസ് നേടുവാന്‍ 33 പന്തുകളാണ് നേടിയത്. അതേ സമയം 23 പന്തിൽ 31 റൺസ് നേടിയ എൽസെ പെറിയും 9 പന്തിൽ 16 റൺസ് നേടിയ ഫോബെ ലിച്ച്ഫീൽഡും ആണ് ഓസ്ട്രേലിയന്‍ സ്കോറിന് മാന്യത പകര്‍ന്നത്.

15 റൺസ് നേടിയ ടാസ്മിന്‍ ബ്രിറ്റ്സിനെ വേഗത്തിൽ നഷ്ടമായെങ്കിലും അന്നേകെ ബോഷും ലോറ വോള്‍വാര്‍ഡടും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 42 റൺസ് നേടിയ ലോറയെ വിജയത്തിനരികെ നഷ്ടമായെങ്കിലും 48 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന് ബോഷ് ഈ വിജയം ദക്ഷിണാഫ്രിക്കന്‍ പക്ഷത്താക്കി.