ടി20 ലോകകപ്പ് 2024ൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ പാകിസ്താൻ അമേരിക്കയോട് പരാജയപ്പെട്ടു. അമേരിക്ക സൂപ്പർ ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് പാകിസ്താനെ തോൽപ്പിച്ചത്. ഈ ലോകകപ്പിനെ ആവേശത്തിലേക്ക് ഉയർത്തുന്ന മത്സരമാണ് ഇന്ന് കാണാൻ ആയത്. സൂപ്പർ ഓവറിൽ 19 വിജയിക്കാൻ വേണ്ടിയിരുന്ന പാകിസ്താന് അതെടുക്കാൻ ആയില്ല. അമേരിക്ക ചരിത്ര വിജയം നേടി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 20 ഓവറിൽ 159-7 റൺസ് ആയിരുന്നു എടുത്തത്. ചെയ്സ് ചെയ്ത അമേരിക്കയും 157 റൺസ് എടുത്തതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് എത്തിയത്. ഇന്ന് അവസാന ഓവറിൽ അമേരിക്കയ്ക്ക് ജയിക്കാൻ 15 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ഹാരിസ് റഹൂഫ് എറിഞ്ഞ അവസാന ഓവറിൽ 14 റൺസ് അടിച്ച് കളി ടൈ ആക്കാൻ അമേരിക്കയ്ക്ക് ആയി.
26 പന്തിൽ നിന്ന് 36 റൺസ് എടുത്ത ആരോൺ ജോൺസും 14 പന്തിൽ 14 എടുത്ത എൻ ആർ കുമാറും ആണ് കളി ടൈ ആക്കിയത്. അവസാന പന്തിൽ ജയിക്കാൻ 5 വേണ്ടപ്പോൾ 4 അടിച്ച് സമനിലയിൽ ആക്കിയത് കുമാറായിരുന്നു.
അമേരിക്കയ്ക്ക് ആയി 38 പന്തിൽ 54 റൺസ് എടുത്ത മൊനാക് പട്ടേൽ. 35 റൺസ് എടുത്ത ആൻഡ്രസ് ഗസ് എന്നിവരും തിളങ്ങി. നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്താനായി 44 റൺസ് എടുത്ത ബാബർ അസമും 25 പന്തിൽ 40 എടുത്ത ശദബ് ഖാനും ആണ് തിളങ്ങിയത്.
സൂപ്പർ ഓവറിൽ ആമിർ എറിഞ്ഞ ഓവറിൽ ആരോൺ ജോൺസും ഹർമീതും ചേർന്ന് അമേരിക്കയ്ക്ക് ആയി 18 റൺസ് എടുത്തു. 8 എക്സ്ട്ര ആണ് സൂപ്പർ ഓവറിൽ വന്നത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താനായി ഇഫ്തിഖാരും ഫഖർ സമാനും ആണ് ഇറങ്ങിയത്. അമേരിക്കയ്ക്ക് ആയി നെറ്റ്രവാൽക്കർ പന്തെറിഞ്ഞു. ആദ്യ പന്തിൽ റൺ വന്നില്ല. രണ്ടാം പന്തിൽ ഇഫ്തിഖർ ഫോർ അടിച്ചു. പിന്നെ 4 പന്തിൽ വേണ്ടത് 15 റൺസ്. അടുത്ത പന്ത് വൈഡ്. 4 പന്തിൽ 14 ആയി ചുരുങ്ങി.
മൂന്നാം പന്തിൽ ഇഫ്തിഖർ ഒരു സിക്സിന് ശ്രമിക്കവെ ഔട്ട് ആയി. 3 പന്തിൽ ജയിക്കാൻ 14 റൺസ്. ശദബ് ഖാൻ ആണ് അടുത്തതായി കളത്തിൽ എത്തിയത്. ഒരു വൈഡ് കൂടെ വന്നു. ജയിക്കാൻ 3 പന്തിൽ 13 റൺസ്. അടുത്ത പന്തിൽ എഡ്ജിൽ ഒരു ഫോർ. 2 പന്തിൽ ജയിക്കാൻ 9 റൺസ്. അടുത്ത പന്തിൽ 2 റൺസ്. അവസാന പന്തിൽ ജയിക്കാൻ 7 റൺസ്. വന്നത് ഒരു റൺ മാത്രം. വിജയം ഉറപ്പിച്ച നിമിഷം.
അമേരിക്ക ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചിരുന്നു. ലോകകപ്പിനു മുമ്പ് അമേരിക്ക ബംഗ്ലാദേശിനെതിരായ പരമ്പരയും നഷ്ടപ്പെടുത്തിയിരുന്നു.