ലോകകപ്പിനിടയിൽ ഒരു ആരാധകനും ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറരുത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. എല്ലാ രാജ്യങ്ങളുടെയും നിയമങ്ങൾ മാനിക്കണം എന്നത് പ്രധാനമാണ് എന്ന് രോഹിത് പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ ദയയില്ലാത്ത രീതിയിൽ ആയിരുന്നു നേരിട്ടത്.
“ആരും പിച്ചിലേക്ക് വരരുത് എന്ന് ഞാൻ പറയും. ഇത് ശരിയല്ല. ഗ്രൗണ്ടിലേക്ക് ആര് വരുന്നതിനെയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ”രോഹിത് ശർമ്മ പറഞ്ഞു.
“കളിക്കാരുടെ സുരക്ഷ പ്രധാനമാണ്. അതുപോലെ, പുറത്തുള്ള ആരാധകരുടെ സുരക്ഷയും പ്രധാനമാണ്. ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നു, നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെന്ന് ആരാധകർ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഓരോ രാജ്യവും പിന്തുടരുന്ന നിയമങ്ങൾ മനസ്സിലാക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.” രോഹിത് പറഞ്ഞു.