ലോകകപ്പിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച വിജയം. ഇന്ന് ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ മുന്നിൽ വെച്ച 120 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പതറുക ആയിരുന്നു. അവർക് 20 ഓവറിൽ 113 റൺസ് എടുക്കാനെ ആയുള്ളൂ. ബുമ്രയുടെ തകർപ്പൻ ബൗളിംഗ് ആണ് ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.
തുടക്കത്തിൽ 13 റൺസ് എടുത്ത ബാബർ അസമിനെ പാകിസ്താന് നഷ്ടമായി എങ്കിലും റിസുവാന്റെ ഇന്നിംഗ്സ് പാകിസ്താനെ തകരാതെ കാത്തു. മെല്ലെ സ്കോർ ചെയ്ത പാകിസ്താൻ 13 റൺസ് വീതം എടുത്ത് നിൽക്കെ ഉസ്മാൻ ഖാനെയും ഫഖർ സമാനെയും ചെയ്സിന് ഇടയിൽ നഷ്ടമായി.
അവസാന 6 ഓവറിൽ 40 റൺസ് ആയിരുന്നു പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനഞ്ചാം ഓവറിൽ ആദ്യ പന്തിൽ ബുമ്ര റിസുവാനെ പുറത്താക്കി. ഇത് പാകിസ്താനെ സമ്മർദ്ദത്തിൽ ആക്കി. 44 പന്തിൽ നിന്ന് 31 റൺസ് മാത്രമാണ് റിസുവാൻ എടുത്തത്. ബുമ്ര ആ ഓവറിൽ 3 റൺസ് മാത്രമാണ് നൽകിയത്. പാകിസ്താന് ജയിക്കാൻ വേണ്ടത് 5 ഓവറിൽ 37 എന്ന സ്കോർ ആയി.
അടുത്ത ഓവറിൽ അക്സർ വിട്ടു നൽകിയത് വെറും 2 റൺസ് മാത്രം. റിക്വയേർഡ് റൺ റേറ്റ് ഉയർന്ന്യ്. 4 ഓവറിൽ 35 റൺസ് എന്നായി. അടുത്ത ഓവറിൽ ഹാർദിക് ശദബ് ഖാനെ പുറത്താക്കി. അഞ്ച് റൺസ് ആണ് ആ ഓവറിൽ വന്നത്. ജയിക്കാൻ 3 ഓവറിൽ 30 എന്നായി.
സിറാജ് എറിഞ്ഞ 18ആം ഓവറിൽ 9 റൺസ് വന്നു. 2 ഓവറിൽ ജയിക്കാൻ 21 റൺസ്. ബുമ്രയാണ് 19ആം ഓവർ എറിഞ്ഞത്. 3 റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്ര ഇഫ്തിഖാറിന്റെ വിക്കറ്റും എടുത്തു. അവസാന ഓവറിൽ ജയിക്കാൻ പാകിസ്താന് 18 റൺസ്. ബുമ്ര 4 ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി.
അവസാന ഓവർ അർഷ്ദീപ് ആണ് അറിഞ്ഞത്. ആദ്യ പന്തിൽ അർഷ്ദീപ് ഇമാദിനെ പുറത്താക്കി.രണ്ടാം പന്തിൽ ഒരു സിംഗിൾ മാത്രമെ വന്നുള്ളൂ. അടുത്ത പന്തിലും സിംഗിൾ. നാലാം പന്തിൽ നസീം ഷാ ഒരു ബൗണ്ടറി നേടി. അവസാന 2 പന്തിൽ 12 റൺസ് വേണമായിരുന്നു ജയിക്കാൻ. അഞ്ചാം പന്തിൽ ഫോർ അടിച്ചു. ഇതോടെ ഒരു പന്തിൽ നിന്ന് 8 റൺസ് വേണം എന്നായി. അവസാന പന്തിൽ ഒരു സിംഗിൾ മാത്രം. ഇന്ത്യക്ക് രണ്ടാം വിജയം.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് വെറും 119 റൺസ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. 19 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ 42 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.
മൂന്നാം വിക്കറ്റിൽ 39 റൺസാണ് അക്സര്‍ പട്ടേലുമായി ചേര്‍ന്ന് പന്ത് നേടിയത്. 20 റൺസായിരുന്നു അക്സറിന്റെ സംഭാവന. പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റിൽ 31 റൺസ് നേടിയപ്പോള്‍ അതിൽ സ്കൈയുടെ സംഭാവന വെറും ഏഴ് റൺസായിരുന്നു. പന്തിന് നിരവധി അവസരം നൽകി പാക്കിസ്ഥാന്‍ സഹായിയ്ക്കുകയായിരുന്നു.
95/4 എന്ന നിലയിൽ നിന്ന് ഇന്ത്യ 96/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. പൊരുതി നിന്ന ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായത് ടീമിന് തിരിച്ചടിയായി. 31 പന്തിൽ 42 റൺസാണ് പന്ത് നേടിയത്. വാലറ്റത്തിൽ അര്‍ഷ്ദീപ്, മൊഹമ്മദ് സിറാജ് എന്നിവരുടെ സംഭാവനകളാണ് ടീമിനെ 119 റൺസിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും 3 വീതം വിക്കറ്റാണ് നേടിയത്. മൊഹമ്മദ് അമീര്‍ 2 വിക്കറ്റും നേടി.