ടി20 ലോകകപ്പ് സെമി ഫൈനലിൽ മികച്ച സ്കോർ ഉയർത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിംഗ്സിന്റെ മികവിൽ 20 ഓവറിൽ 171/7 റൺസ് എടുത്തു. തുടക്കത്തിൽ തന്നെ കോഹ്ലിയെയും റിഷഭ് പന്തിനെയും നഷ്ടമായിട്ടും മികച്ച ക്രിക്കറ്റ് കളിക്കാൻ ഇന്ത്യക്ക് ആയി.
കോഹ്ലി വെറും 9 റൺസ് എടുത്താണ് ഇന്ന് പുറത്തായത്. കോഹ്ലി ഇന്ത്യൻ ജേഴ്സിയിൽ ഓപ്പണർ എന്ന നിലയിൽ ഒരിക്കൽ കൂടെ പരാജയപ്പെടുന്നത് ആണ് ഇന്ന് കണ്ടത്. പന്ത് നാലു റൺസ് എടുത്തും ഇന്ന് പുറത്തായി. ഇതിനു ശേഷം രോഹിത് ശർമ്മയും സൂര്യകുമാറും ചേർന്ന് ഇന്ത്യക്ക് ആയി ഒരു നല്ല കൂട്ടുകെട്ട് പടുത്തു.
രോഹിത് ശർമ്മ 39 പന്തിൽ നിന്ന് 57 റൺസ് എടുത്തു. 6 ഫോറും 2 സിക്സും രോഹിത് അടിച്ചു. പിന്നാലെ സൂര്യകുമാർ യാദവ് 36 പന്തിൽ നിന്ന് 47 റൺസ് എടുത്ത് പുറത്തായി. 2 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. ഒരു കൂറ്റൻ ഷോട്ടിന് കളിക്കുന്നതിന് ഇടയിൽ ആണ് സൂര്യകുമാർ ഔട്ട് ആയി.
ഇതിനു ശേഷം ഹാർദികിന്റെയും ജഡേജയുടെയും ഇന്നിംഗ്സ് ഇന്ത്യയെ 170 കടക്കാൻ സഹായിച്ചു. ഹാർദിക് 13 പന്തിൽ നിന്ന് 23 എടുത്തു. ശിവം ദൂബെ ഇന്ന് ഗോൾഡൻ ഡക്ക് ആയി നിരാശപ്പെടുത്തി. അവസാനം ജഡേജ 9 പന്തിൽ 17 റൺസും അക്സർ പട്ടേൽ 6 പന്തിൽ 10 റൺസും എടുത്ത് മികച്ച സംഭാവന നൽകി.