ഓസ്ട്രേലിയക്ക് എതിരായ നിർണായക മത്സരത്തിൽ ഇന്ത്യ പൊരുതി തോറ്റു. ഓസ്ട്രേലിയ ഉയർത്തിയ 152 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 142 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ത്യയുടെ ടി20 ലോകകപ്പ് സെമി ഫൈനൽ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് ഈ പരാജയം. ഓസ്ട്രേലിയ ആകട്ടെ ഈ ഫലത്തോടെ സെമി ഉറപ്പിച്ചു.

ചെയ്സിൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർക്കും വലിയ സ്കോർ കണ്ടെത്താൻ ആയില്ല. 20 റൺസ് എടുത്ത ഷഫാലി, 6 റൺസ് എടുത്ത സ്മൃതി, 16 റൺസ് എടുത്ത ജമീമ എന്നിവർ പെട്ടെന്ന് ഡഗൗട്ടിലേക്ക് മടങ്ങി.
ക്യാപ്റ്റൻ ഹർമൻപ്രീത് കോറും ദീപ്തി ശർമ്മയും ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് പടുത്തു. ദീപ്തി ശർമ്മ 29 റൺസ് ആണ് എടുത്തത്. പിന്നാലെ 1 റൺ എടുത്ത റിച്ച ഘോഷ് റണ്ണൗട്ടും ആയി. അവസാന 3 ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 40 റൺസ് വേണമായിരുന്നു. ഇത് ഹർമൻപ്രീത് 2 ഓവറിൽ 28 ആക്കി മാറ്റി.
പൂജ കൂടെ ആക്രമിച്ച് ഹർമൻപ്രീതിന് പിന്തുണ നൽകി. ഹർമൻപ്രീത് 44 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. അവസാന ഓവറിൽ ഇന്ത്യക്ക് 14 റൺസ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഒരു സിംഗിൾ, രണ്ടാം പന്തിൽ പൂജ ബൗൾഡും ആയി. 4 പന്തിൽ ഇന്ത്യക്ക് വേണ്ടത് 13 റൺസ്. മൂന്നാം പന്തിൽ അരുന്ധതി റണ്ണൗട്ടും ആയി. ലക്ഷ്യം 3 പന്തിൽ നിന്ന് 13 റൺസ് ആയി.
അടുത്ത പന്ത് ഒരു വൈഡ് ആയതിനാൽ ഒരു റൺ വന്നെങ്കിലും ശ്രേയങ്ക പട്ടിൽ ആ പന്തിൽ സ്റ്റമ്പ്ഡ് ഔട്ട് ആയി. അടുത്ത പന്തിൽ രാധയും ഔട്ട് ആയതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 151-8 റൺ ആയിരുന്നു നേടിയത്.

ഇന്ന് തുടക്കത്തിൽ തന്നെ രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി നല്ല തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 2 റൺ എടുത്ത ബെത്ത് മൂണിയും ഡക്ക് എടുത്ത വരെഹാമും ആണ് രേണുകയുടെ തുടർച്ചയായ പന്തുകളിൽ പുറത്തായത്. 40 റൺസ് എടുത്ത് ഗ്രേസ് ഹാരിസും 32 റൺസ് എടുത്ത് തഹില മഗ്രാത്തും ഓസ്ട്രേലിയക്ക് ആയി മികച്ച പ്രകടനം നടത്തി.
എലിസ പെറി 23 പന്തിൽ 32 റൺസ് എടുത്ത് ഓസ്ട്രേലിയയെ 151-ലേക്ക് എത്തിച്ചു. രേണുകയും ദീപ്തിയും ഇന്ത്യക്ക് ആയി 2 വിക്കറ്റും പൂജ, രാധാ യാദവ്, ശ്രേയങ്ക എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.