ടി20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ഇന്ന് ഗയാനയിൽ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 172 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 103 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ത്യ 68 റൺസിന്റെ ജയമാണ് നേടിയത്. 2022ലെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ പുറത്താക്കിയ ഇംഗ്ലണ്ടിനോടുള്ള പ്രതികാരം കൂടിയായി ഈ വിജയം.
സ്പിന്നർമാരാണ് ഇന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്ത. അക്സർ പട്ടേൽ തുടക്കത്തിൽ തന്റെ മൂന്ന് ഓവറിൽ നിന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തി. 23 റൺസ് എടുത്ത ബട്ലർ, 8 റൺ എടുത്ത മൊയീൻ അലി, റൺ ഒന്നും എടുക്കാത്ത ബെയർസ്റ്റോ എന്നിവരാണ് അക്സറിന്റെ പന്തിൽ പുറത്തായത്.
5 റൺസ് എടുത്ത സാൽട്ടിനെ ബുമ്രയും 2 റൺ എടുത്ത സാം കറനെ കുൽദീപും പുറത്താക്കി. 49-5 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. ഹാരി ബ്രൂക് ഇവിടെ നിന്ന് രക്ഷപ്പെടുത്തലിന് ശ്രമിച്ചു എങ്കിലും 25 റൺസ് എടുത്ത് നിൽക്കെ ബ്രൂക്കിനെ കുൽദീപ് പുറത്താക്കി. ഇതോടെ ഇംഗ്ലണ്ട് കളി കൈവിട്ട അവസ്ഥയായി.
പിന്നാലെ ജോർദനെയും കുൽദീപ് പുറത്താക്കി. ഇംഗ്ലണ്ട് 72/7 എന്ന നിലയിൽ പതറി. പിന്നെ വിജയത്തിനായുള്ള കാത്തിരിപ്പ് മാത്രമായി. കുൽദീപ് 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. 15ആം ഓവറിൽ ലിവിങ്സ്റ്റോൺ റണ്ണൗട്ട് കൂടെ ആയതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര തീർന്നു. അർഷ്ദീപ് 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി എ വിക്കറ്റ് വീഴ്ത്തി തന്റെ സ്പെൽ അവസാനിപ്പിച്ചു.
ആദിൽ റഷീദിനെ സൂര്യകുമാർ റണ്ണൗട്ട് ആക്കിയതോടെ ഇംഗ്ലണ്ട് 88/9 എന്ന നിലയിൽ. ആർച്ചറിനെ ബുമ്ര കൂടെ പുറത്താക്കിയതോടെ വിജയം ഉറപ്പായി.
ഇനി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ആകും ഇന്ത്യ നേരിടുക. ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെ തോൽപ്പിച്ച് ആയിരുന്നു ഫൈനലിൽ എത്തിയത്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിംഗ്സിന്റെ മികവിൽ 20 ഓവറിൽ 171/7 റൺസ് എടുത്തു. തുടക്കത്തിൽ തന്നെ കോഹ്ലിയെയും റിഷഭ് പന്തിനെയും നഷ്ടമായിട്ടും മികച്ച ക്രിക്കറ്റ് കളിക്കാൻ ഇന്ത്യക്ക് ആയി.
കോഹ്ലി വെറും 9 റൺസ് എടുത്താണ് ഇന്ന് പുറത്തായത്. കോഹ്ലി ഇന്ത്യൻ ജേഴ്സിയിൽ ഓപ്പണർ എന്ന നിലയിൽ ഒരിക്കൽ കൂടെ പരാജയപ്പെടുന്നത് ആണ് ഇന്ന് കണ്ടത്. പന്ത് നാലു റൺസ് എടുത്തും ഇന്ന് പുറത്തായി. ഇതിനു ശേഷം രോഹിത് ശർമ്മയും സൂര്യകുമാറും ചേർന്ന് ഇന്ത്യക്ക് ആയി ഒരു നല്ല കൂട്ടുകെട്ട് പടുത്തു.
രോഹിത് ശർമ്മ 39 പന്തിൽ നിന്ന് 57 റൺസ് എടുത്തു. 6 ഫോറും 2 സിക്സും രോഹിത് അടിച്ചു. പിന്നാലെ സൂര്യകുമാർ യാദവ് 36 പന്തിൽ നിന്ന് 47 റൺസ് എടുത്ത് പുറത്തായി. 2 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. ഒരു കൂറ്റൻ ഷോട്ടിന് കളിക്കുന്നതിന് ഇടയിൽ ആണ് സൂര്യകുമാർ ഔട്ട് ആയി.
ഇതിനു ശേഷം ഹാർദികിന്റെയും ജഡേജയുടെയും ഇന്നിംഗ്സ് ഇന്ത്യയെ 170 കടക്കാൻ സഹായിച്ചു. ഹാർദിക് 13 പന്തിൽ നിന്ന് 23 എടുത്തു. ശിവം ദൂബെ ഇന്ന് ഗോൾഡൻ ഡക്ക് ആയി നിരാശപ്പെടുത്തി. അവസാനം ജഡേജ 9 പന്തിൽ 17 റൺസും അക്സർ പട്ടേൽ 6 പന്തിൽ 10 റൺസും എടുത്ത് മികച്ച സംഭാവന നൽകി.