ശിവം ദൂബെയ്ക്ക് പകരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ കളിക്കണം ആയിരുന്നു എന്ന് അമ്പട്ടി റായിഡു. ഇന്നലെ പാക്കിസ്ഥാന് എതിരായ മത്സരത്തിനുശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ താരം. ഇന്നലെ ശിവം ദൂബെ ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ സഞ്ജുവിനെപ്പോലുള്ള താരങ്ങളാണ് കളിക്കേണ്ടത് എന്ന് റായുഡു പറഞ്ഞു.
ശിവം ദൂബെ ഇന്നലെ 9 പന്തിൽ നിന്ന് 3 റൺസ് മാത്രമായിരുന്നു എടുത്തത്. സ്പിന്നിനെ ആക്രമിച്ചു കളിക്കാൻ വേണ്ടിയാണ് ദൂബെയെ ടീമിൽ എടുത്തതെങ്കിലും സ്പിന്നിനെതിരെയും പേസിനെതിരെയും ദൂബെ തീർത്തും പരാജയപ്പെടുകയായിരുന്നു. സഞ്ജു ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചിട്ടില്ല.
പല ബാറ്റർമാരും ഫോം കണ്ടെത്താൻ വിഷമിക്കുമ്പോഴും പുറത്തു തന്നെ ഇരിക്കുകയാണ് മലയാളി താരം. പന്ത് ഫോമിൽ ആയത് കൊണ്ട് വിക്കറ്റ് കീപ്പറായി ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാൻ സാധ്യതയില്ല. ബാറ്ററായി മാത്രമെ സഞ്ജു ഇനി ടീമിലേക്ക് എത്താൻ സാധ്യതയുള്ളൂ. കളിച്ചു രണ്ടു മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിരാശയാർന്ന പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ സഞ്ജുവിന് അവസരം കിട്ടിയേക്കും.
നേരത്തെ സന്നാഹ മത്സരത്തിൽ ഇറങ്ങിയപ്പോൾ സഞ്ജുവിന് തിളങ്ങാൻ ആയിരുന്നില്ല. അതുകൊണ്ടാണ് സഞ്ജുവിന്റെ ടീമിലേക്കുള്ള വാതിൽ അടഞ്ഞത്. സ്പിന്നിനേയും ഒരുപോലെ കളിക്കുന്ന സഞ്ജുവാണ് നല്ലത് എന്ന് ഇന്നലെ വസീം അക്രം കമൻറ്ററിക്ക് ഇടയിൽ പറയുകയുണ്ടായിരുന്നു.