Picsart 23 11 20 18 09 05 134

ലോകകപ്പിൽ സൂര്യകുമാറിന് പകരം സഞ്ജു സാംസൺ വേണമായിരുന്നു!! സഞ്ജുവിന് പിന്തുണയുമായി ആരാധകർ

ഇന്ത്യൻ ലോകകപ്പ് ടീമിൽ സഞ്ജു സാംസണ് അവസരം ഇല്ലാതിരുന്നതിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് പ്രേമികൾ വീണ്ടും രംഗത്ത്. ഇന്നലെ ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം ആണ് സഞ്ജുവിനായി ശബ്ദമുയരുന്നത്. സൂര്യകുമാർ യാദവിന് പകരം സഞ്ജു ആയിരുന്നു ടീമിൽ വരേണ്ടിയിരുന്നത് എന്ന് ആരാധകർ പറയുന്നു‌. നേരത്തെയും സഞ്ജുവിനെ അവഗണിച്ച് സൂര്യയെ ടീമിൽ എടുക്കുന്നതിന് വിമർശനങ്ങൾ ഉയർന്നിരുന്നു.

സഞ്ജുവിന് ഏകദിനത്തിൽ മികച്ച റെക്കോർഡ് ഉണ്ടായിട്ടും ഏകദിനത്തിൽ പറയാൻ മാത്രം നല്ല പ്രകടനങ്ങൾ ഒന്നും ഇല്ലാത്ത സൂര്യയെ ഇന്ത്യ വിശ്വാസത്തിൽ എടുക്കുക ആയിരുന്നു. സൂര്യകുമാറിനെ ടി20 ഫോം മാത്രം പരിഗണിച്ചായിരുന്നു ടീമിലേക്ക് എടുത്തത്. ഈ ലോകകപ്പിൽ ആകെ 106 റൺസ് ആണ് സൂര്യകുമാർ എടുത്തത്‌. 17 റൺസ് ശരാശരി. സ്ട്രൈക്ക് റേറ്റ് 101 മാത്രം. സൂര്യയെ കാര്യമായി ഇന്ത്യക്ക് ആവശ്യമുണ്ടായിരുന്നത് ഫൈനലിൽ ആയിരുന്നു. ആ മത്സരത്തിൽ സ്കൈ അവസാനം സിംഗിൾ എടുത്ത് കുൽദീപിന് സ്ട്രൈക്ക് കൊടുത്തത് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മോശം നിമിഷങ്ങളിൽ ഒന്നാകും.

ഏകദിനത്തിൽ ആകെ സൂര്യകുമാറിന്റെ ശരാശരി 23 മാത്രമാണ്. 56 ശരാശരിയും സൂര്യകുമാറിനെക്കാൾ നല്ല സ്ട്രൈക്ക് റേറ്റും സഞ്ജു സാംസണ് ഏകദിനത്തിൽ ഉണ്ട്. എന്നിട്ടും സഞ്ജുവിന് ലഭിക്കുന്നത് അവഗണന മാത്രമാണ്. ഇത് ഇനിയും മാറും എന്ന് ക്രിക്കറ്റ് പ്രേമികൾക്ക് പ്രത്യാശയും ഇല്ല.

https://twitter.com/SamsonCentral/status/1726213723319341180?s=19

Exit mobile version