ലോകകപ്പിൽ തുടര്‍ച്ചയായ ആറാം തോൽവി ബംഗ്ലാദേശിന് സമ്മാനിച്ച് പാക്കിസ്ഥാന്‍. 204 റൺസിന് ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയ ശേഷം പാക്കിസ്ഥാന്‍ 7 വിക്കറ്റ് വിജയം 32.3 ഓവറിലാണ് നേടിയത്. തോൽവിയോടെ ബംഗ്ലാദേശ് കണക്കിൽ പോലും സെമി ഫൈനൽ സാധ്യതയില്ലാതെ ലോകകപ്പിൽ നിന്ന് പുറത്തായി.
ഒന്നാം വിക്കറ്റിൽ അബ്ദുള്ള ഷഫീക്ക് – ഫകര്‍ സമന്‍ കൂട്ടുകെട്ട് 128 റൺസാണ് നേടിയത്. 68 റൺസ് നേടിയ ഷഫീക്കിനെ പാക്കിസ്ഥാന് നഷ്ടമായെങ്കിലും ടീമിന്റെ വിജയത്തിലേക്കുള്ള കുതിപ്പിന് തടയിടുവാന്‍ ഷാക്കിബിനും സംഘത്തിനുമായില്ല.
ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഫകര്‍ സമന്‍ രണ്ടാം വിക്കറ്റിൽ 32 റൺസ് കൂടി നേടിയെങ്കിലും ബാബര്‍(9) വേഗത്തിൽ പുറത്തായി. അധികം വൈകാതെ 81 റൺസ് നേടിയ ഫകര്‍ സമനെയും പാക്കിസ്ഥാന് നഷ്ടമായി. 3 വിക്കറ്റും വീഴ്ത്തിയത് മെഹ്ദി ഹസന്‍ മിറാസ് ആയിരുന്നു.
എന്നാൽ പകരമെത്തിയ റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും പാക് വിജയം വേഗത്തിലാക്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 36 റൺസാണ് നേടിയത്. മൊഹമ്മദ് റിസ്വാന്‍ 21 പന്തിൽ 26 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 15 പന്തിൽ 17 റൺസും നേടി.