ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യറെ പ്രശംസിച്ച് ഇതിഹാസ ബൗളർ അനിൽ കുംബ്ലെ. ശ്രേയസ് മാനസികമായി ശക്തൻ ആണെന്നും സമ്മർദ്ദങ്ങൾ മറികടക്കാൻ അറിയുന്ന താരമാണെന്നും അനിൽ കുംബ്ലെ പറഞ്ഞു. ഇന്നലെ നെതർലാൻഡിനെതിരെ ശ്രേയസ് അപരാജിത സെഞ്ച്വറി നേടിയിരുന്നു. 94 പന്തിൽ 128 റൺസുമായി പുറത്താകാതെ നിന്ന അദ്ദേഹം പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു.
“ടെസ്റ്റ് തലത്തിൽ പോലും സമ്മർദത്തിൻ കീഴിൽ അദ്ദേഹം ചില മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തെയും സമ്മർദ്ദം നേരിടാനുള്ള കഴിവിനെയും കാണിക്കുന്നു, ”കുംബ്ലെ പറഞ്ഞു.
“ശ്രീലങ്കയ്‌ക്കെതിരായ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിന് മുമ്പ് ശ്രേയസ് അയ്യറിനു മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. സ്‌കോർ ചെയ്തില്ലെങ്കിൽ, ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ എന്ത് സംഭവിക്കുമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷേ, അയാൾക്ക് അവിടെ ഒരു 80 സ്കോർ ചെയ്യാൻ ആയി.അത് കഴിഞ്ഞ് 70-ഉം പിന്നെ നൂറും നേടി. നേരിട്ട് ലോകകപ്പിലേക്ക് തിരിച്ചുവരുന്ന് ഈ പ്രകടനം നടത്തുക എളുപ്പമല്ലാത്തതിനാൽ അദ്ദേഹം മാനസികമായി ശക്തനാണെന്ന് ഇത് കാണിക്കുന്നു, ”കുംബ്ലെ കൂട്ടിച്ചേർത്തു.