ഇന്ന് കളി ആര് വിജയിപ്പിച്ചു എന്ന് ചോദിച്ചാൽ മുഹമ്മദ് ഷമി എന്നല്ലാതെ ഒരു ഉത്തരം നൽകാൻ ആകില്ല. ബുമ്രയ്യടക്കം പതറിയ പിച്ചിൽ ഒറ്റയ്ക്ക് പന്തെറിഞ്ഞ് ഇന്ത്യക്ക് ഇന്ന് ഷമി കളി നേടി തന്നു. ഏഴ് വിക്കറ്റുകൾ. പൊന്നും വിലയുള്ള വിക്കറ്റുകൾ. ലോകകപ്പിൽ ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഷമി. തുടക്കത്തിൽ ന്യൂസിലൻഡ് ഓപ്പണർമാർ താളം കണ്ടെത്തുന്നത് കണ്ട് ആറാം ഓവറിൽ തന്നെ ഷമിയെ രോഹിത് ശർമ്മ കൊണ്ടുവന്നു. ആദ്യ പന്തിൽ തന്നെ ഷമി കോണ്വോയെ പുറത്താക്കി.
തന്റെ രണ്ടാമത്തെ ഓവറിൽ ഈ ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായി തോന്നപ്പെട്ട രചിനെയും ഷമി ഡ്രസിംഗ് റൂമിലേക്ക് മടക്കി. 39-2. പിന്നെ വീണ്ടും ന്യൂസിലൻഡ് കളിയിലേക്ക് തിരികെ വന്നു. മിച്ചലും വില്യംസണും ചേർന്ന് ഒരു വലിയ കൂട്ടുകെട്ട് തന്നെ പടുത്തു. ഇതിനിടയിൽ വില്യംസിന്റെ ഒരു ക്യാച്ച് ഷമി വിട്ടപ്പോൾ കളി ആണോ കൈവിട്ടത് എന്ന് ഇന്ത്യൻ ആരാധകർ പേടിച്ചു.
പക്ഷെ ഷമി തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്തു. ബൗളുമായി തിരികെ വന്ന് വില്യംസണെയും ടോം ലാഥത്തെയും ഷമി പെട്ടെന്ന് മടക്കി. 32 ഓവറിൽ 220-2 എന്ന ശക്തമായ നിലയിൽ നിന്ന് ന്യൂസിലൻഡ് തകരാൻ തുടങ്ങിയത് ഷമിയുടെ ഈ സ്പെല്ലിൽ നിന്ന് ആയിരുന്നു.
ഇത് കഴിഞ്ഞ് ന്യൂസിലൻഡിന്റെ ഏക പ്രതീക്ഷ ആയിരുന്ന സെഞ്ചൂറിയൻ ഡാരിൽ മിച്ചലിനെയും പുറത്താക്കി ഷമി തന്റെ ഫൈഫർ പൂർത്തിയാക്കി. 9 ഓവറിൽ 50 റൺ വഴങ്ങി 5 വിക്കറ്റ്. ഈ ടൂർണമെന്റിലെ തന്റെ മൂന്നാമത്തെ ഫൈഫർ. ഇത് കഴിഞ്ഞ് അവസാന ഓവറിൽ രണ്ടു വിക്കറ്റുകൾ കൂടെ എടുത്ത് ഷമി വിജയം പൂർത്തിയാക്കി
ഇന്നത്തെ പ്രകടനത്തോടെ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി മുഹമ്മദ് ഷമി മാറിയിരുന്നു. ഇന്ത്യൻ പേസർ തന്റെ 17-ാം ഇന്നിംഗ്‌സിൽ ആണ് നാഴികക്കല്ലിൽ എത്തിയത്.
ഷമിക്ക് ഇന്നത്തെ വിക്കറ്റുകളോടെ ആകെ ലോകകപ്പിൽ 54 വിക്കറ്റുകൾ ആയി. ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി.
നേരത്തെ ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരെ
അഞ്ച് വിക്കറ്റും ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരെ അദ്ദേഹം മറ്റൊരു അഞ്ച് വിക്കറ്റും ഷമി നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ രണ്ട് വിക്കറ്റും ഷമി നേടി. ആകെ ഈ ലോകകപ്പിൽ ഷമിക്ക് 23 വിക്കറ്റുകൾ ആയി. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ നേടുന്ന താരമായും ഷമി മാറി.