2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ സ്പെൽ എന്ന് മുൻ ഇന്ത്യൻ ബാറ്റർ ബദരീനാഥ്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഷമി ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
“ഒരു സംശയവുമില്ലാതെ പറയാം, ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ആണ് മുഹമ്മദ് ഷമി നടത്തിയത്” ബദരീനാഥ് എക്സിൽ പോസ്റ്റ് ചെയ്തു.
230 റൺസ് പിന്തുടരുന്നതിനിടെ ഇംഗ്ലണ്ടിന്റെ ടോപ് ഓർഡറിനെ തകർക്കാൻ ഷമിക്ക് ആയി. ലഖ്‌നൗവിൽ ഏഴ് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയത്. ലോകകപ്പ് ചരിത്രത്തിൽ ഷമി ഇത് ആറാം തവണയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്.
ഇന്ന് തന്റെ ആദ്യ ഓവറിൽ ബെൻ സ്റ്റോക്‌സിനെ ഷമി പുറത്താക്കി. തന്റെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ അദ്ദേഹം ജോണി ബെയർസ്റ്റോയെയും പുറത്താക്കി. ആദ്യ അഞ്ച് ഓവറിൽ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമായി തന്റെ ആദ്യ സ്പെൽ ഷമി പൂർത്തിയാക്കി. രണ്ടാം സ്പെല്ലിൽ മൊയിൻ അലിയെയും ആദിൽ റഷീദിനെയും ഷമി പുറത്താക്കി.