ഏകദിന ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ 272 റൺസ് കുറിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് 8 വിക്കറ്റ് നഷ്ടത്തില്‍ 272 റൺസ് മാത്രമേ നേടാനായുള്ളു. നാലാം വിക്കറ്റ് കൂട്ടുകെട്ട് ടീമിന് മികച്ച അടിത്തറ നൽകിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടമായത് റൺസ് കണ്ടെത്തുവാന്‍ ടീമിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ടോപ് ഓര്‍ഡര്‍ താരങ്ങള്‍ക്ക് അധിക നേരം നിലയുറപ്പിക്കുവാനാകുന്നതിന് മുമ്പ് തന്നെ അവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 63/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അര്‍ദ്ധ ശതകങ്ങളുമായി ഹഷ്മത്തുള്ള ഷഹീദിയും അസ്മത്തുള്ള ഒമര്‍സായിയും ആണ് അഫ്ഗാനിസ്ഥാനെ മുന്നോട്ട് നയിച്ചത്.
നാലാം വിക്കറ്റിൽ 121 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഒമര്‍സായിയുടെ വിക്കറ്റ് വീഴ്ത്തി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഷഹീദി 80 റൺസും ഒമര്‍സായി 62 റൺസുമാണ് നേടിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 4 വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി.
റഷീദ് ഖാനും മുജീബ് ഉര്‍ റഹ്മാനും എട്ടാം വിക്കറ്റിൽ 26 റൺസ് നേടിയാണ് അഫ്ഗാനിസ്ഥാനെ 250 റൺസ് കടക്കുവാന്‍ സഹായിച്ചത്.