ഒരു മത്സരം പരാജയപ്പെട്ടാൽ ഈ പുകഴ്ത്തുന്നവർ തന്നെ വിമർശിക്കും എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ന് നെതർലാൻഡ്സിനെതിരെ വിജയിച്ച ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ ആണ് ദ്രാവിഡ് തമാശയായി ഈ പ്രശംസ ഒക്കെ വിജയിക്കും വരെയെ ഉള്ളൂ എന്ന് പറഞ്ഞത്. പ്രശംസ എല്ലാം വിജയം തുടരുന്നത് വരെയേ ഉള്ളൂ. ഒരു മത്സരം പരാജയപ്പെട്ടാൽ എല്ലാം മാറും എന്നും തനിക്ക് ഒന്നും അറിയില്ല എന്ന വിമർശനം ഉയരും എന്നും ദ്രാവിഡ് പറഞ്ഞു.
ടീം കൃത്യമായ പ്ലാനുകളുമായാണ് കളിക്കുന്നത് എന്നും സെമി ഫൈനലിനെ എല്ലാ മത്സരങ്ങളും പോലെ മാത്രമേ സമീപിക്കൂ എന്നും ദ്രാവിഡ് പറഞ്ഞു. ടീം ഒരോ മത്സരത്തെയും വളരെ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്. എപ്പോഴും ഒരു മാച്ചിൽ ആയിരുന്നു ഞങ്ങളുടെ ശ്രദ്ധ. ടൂർണമെന്റിൽ അവസാനം എന്താകും എന്നത് ഞങ്ങൾ ആദ്യമെ ചിന്തിച്ചിട്ടില്ല. ഇനി സെമി ഫൈനലിൽ ആകും ശ്രദ്ധ. സെമി ഫൈനലിനെ ഒരു പ്രത്യേക മത്സരമായി പരിഗണിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കാൻ ആകും ഞങ്ങൾ ശ്രമിക്കുക. ദ്രാവിഡ് പറഞ്ഞു.
ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനത്തെ ദ്രാവിഡ് പ്രത്യേകം പ്രശംസിച്ചു. അവർ എപ്പോഴും സമ്മർദ്ദത്തിൽ ബാറ്റു ചെയ്യുന്നവർ ആണെന്നും അവരുടെ പ്രകടനം ടീമിന് എപ്പോഴും നിർണായകമാണെന്നും ദ്രാവിഡ് പറഞ്ഞു.