ലോകക്രിക്കറ്റില്‍ വമ്പനടിക്കാരുടെ മികവില്‍ ടീമുകള്‍ 300ന് മുകളില്‍ സ്കോറുകള്‍ നേടുമ്പോള്‍ അത്തരം ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ശ്രീലങ്കന്‍ താരം ലഹിരു തിരിമന്നേ. പവര്‍ ഹിറ്റിംഗ് പരിമിത ഓവര്‍ ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമാണെന്ന വാദത്തോടാണ് തന്റെ എതിര്‍പ്പ് താരം പ്രകടിപ്പിച്ചത്. 2014 ടി20 ലോകകപ്പിലും ആളുകള്‍ സമാനമായ ആശയമാണ് പങ്കുവെച്ചത്, എന്നാല്‍ അന്ന് ശ്രീലങ്കയാണ് വിജയം കുറിച്ചതെന്ന് ലഹിരു തിരിമന്നേ ഓര്‍മ്മിപ്പിച്ചു.
ടൂര്‍ണ്ണമെന്റില്‍ ഒരു തവണ മാത്രമാണ് ശ്രീലങ്ക 170നു മുകളില്‍ സ്കോര്‍ ചെയ്തത്. അത് ഇംഗ്ലണ്ടിനെതിരെ നേടിയ 189/4 എന്ന സ്കോറായിരുന്നു പക്ഷേ അന്ന് അലക്സ് ഹെയില്‍സ് നേടിയ 116 റണ്‍സ് വിജയം ഇംഗ്ലണ്ടിനു സമ്മാനിച്ചു. ഫൈനലില്‍ വെറും 131 റണ്‍സാണ് ശ്രീലങ്ക ചേസ് ചെയ്ത് വിജയിച്ചത്. അന്ന് കുമാര്‍ സംഗക്കാരയുടെ പുറത്താകാതെ നേടിയ 52 റണ്‍സാണ് ലങ്കയ്ക്ക് തുണയായത്.
300 പന്തുകളുള്ള മത്സരമാണ് 50 ഓവര്‍ ക്രിക്കറ്റ്, അത് വളരെ നീണ്ടൊരു മത്സരമാണെന്നാണ് തന്റെ വിശ്വാസം, അതിനാല്‍ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചാല്‍ തന്നെ റണ്‍സ് നേടാവുന്നതെയുള്ളുവെന്ന് തിരിമന്നേ പറഞ്ഞു. അവസരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചാല്‍ മതിയെന്നതാണ് തന്റെ നയമെന്നും ലഹിരു തിരിമന്നേ പറഞ്ഞു.