പാകിസ്താൻ വീണ്ടും പരാജയപ്പെട്ടു. ഇന്ന് 1 വിക്കറ്റിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇന്ന് നടന്ന മത്സരം ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച മത്സരമാകും. പാകിസ്താൻ ഉയർത്തിയ 271 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന് ചെന്നൈയിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമേ ആയിരുന്നില്ല. ദക്ഷിണാഫ്രിക്ക 48ആം ഓവറിൽ ആണ് വിജയം പൂർത്തിയാക്കിയത്.
തുടക്കം മുതൽ വലിയ കൂട്ടുകെട്ടുകൾ പിറക്കാത്തത് ദക്ഷിണാഫ്രിക്കയുടെ ചെയ്സ് ദുർഘടമാക്കിം ബാവുമ 24 റൺസ്, ഡി കോക്ക് 24, വാൻ ഡെ സർ 21, ക്ലാസൻ 12, മില്ലർ 29, യാൻസൺ 20 എന്നിവരെല്ലാം ചെറിയ ചെറിയ സംഭാവനകൾ നൽകി പുറത്ത് പോയി. എന്നാൽ അപ്പോഴെല്ലാം ഒരു വശത്ത് മക്രം ഉണ്ടായിരുന്നു. മക്രം 93 പന്തിൽ 91 റൺസ് എടുത്ത് ഉസാമ മിറിന്റെ പന്തിൽ പുറത്തായപ്പോൾ ആണ് പാകിസ്താൻ വിജയം അടുത്താണെന്ന് മനസ്സിലാക്കിയത്. 250-7 എന്ന നിലയിൽ ആയിരുന്നു അപ്പോൾ ദക്ഷിണാഫ്രിക്ക. പിന്നാലെ കോട്സി കൂടെ പുറത്തായതോടെ ദക്ഷിണാഫ്രിക്ക 250-8 എന്നായി.
ജയിക്കാൻ 21 റൺസ്. കയ്യിൽ 2 വിക്കറ്റ് എന്ന അവസ്ഥയിൽ ദക്ഷിണാഫ്രിക്ക. 260ൽ നിൽക്കെ ഹാരിസ് റൗഫ് എൻഡിഡിയെ പുറത്താക്കി. ഒരു മനോഹരമായ ക്യാച്ചിലൂടെ ആയിരുന്നു റൗഫ് എൻഡിഡിയെ പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 11 റൺസ്. പാകിസ്താന് ജയിക്കാൻ ഒരു വിക്കറ്റ്.
മഹാരാജും ഷംസിയും ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ അവസാന കൂട്ടുകെട്ട് കളി 18 പന്തിൽ നിന്ന് 5 റൺസ് എന്ന് വരെ ആയി. 47 ഓവറോടെ പാകിസ്താന്റെ പേസ് ബൗളർമാർ തീർന്നു. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് കാര്യം എളുപ്പമാക്കി. മഹാരാജ് നവാസിനെ ബൗണ്ടറി അടിച്ച് 48ആം ഓവറിൽ വിജയം കണ്ടു.
പാകിസ്താനായി 3 വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെച്ചത്. ഉസാമ മിറും വാസിം ജൂനിയറും 2 വിക്കറ്റ് വീതവും നേടി. ഹാരിസ് റഹുഫ് ഒരു വിക്കറ്റും നേടി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 271 എന്ന വിജയ ലക്ഷ്യം ഉയർത്തി. അത്ര മികച്ച ബാറ്റിങ് അല്ല പാകിസ്താനിൽ നിന്ന് ഇന്ന് കണ്ടത്. 9 റൺസ് എടുത്ത ശഫീഖും 12 റൺസ് എടുത്ത ഇമാം ഉൽ ഹഖും പെട്ടെന്ന് തന്നെ പുറത്തായി. ബാബർ അസം അർധ സെഞ്ച്വറി നേടിയെങ്കിലും വീണ്ടും വലിയ സ്കോർ ഉയർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. 65 പന്തിൽ നിന്ന് 50 റൺസ് ആണ് ബാബർ നേടിയത്.
31 റൺസ് എടുത്ത റിസുവാനും 21 റൺസ് എടുത്ത ഇഫ്തിഖാറും നല്ല തുടക്കം കിട്ടിയിട്ടും മുതലെടുത്തില്ല. 141-5 എന്നായ പാകിസ്താനെ അവസാനം സൗദ് ഷകീലും ശദബ് ഖാനും ചേർന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത്. ശദബ് ഖാൻ 36 പന്തിൽ 43 റൺസും സൗദ് ഷക്കീൽ 52 പന്തിൽ 52 റൺസും എടുത്തു. 46.4 ഓവറിൽ പാകിസ്താൻ 270ന് ഓളൗട്ട് ആയി.
ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഷാംസി 4 വിക്കറ്റും യാൻസൺ 3 വിക്കറ്റും വീഴ്ത്തി. കോട്സി 2 വിക്കറ്റും വീഴ്ത്തി.