ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചെയ്സുമായി പാകിസ്താൻ. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ 345 എന്ന റൺ ചെയ്സ് ചെയ്ത പാകിസ്താൻ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. പരിക്കിനോട് പൊരുതി സെഞ്ച്വറി നേടിയ മുഹമ്മദ് റിസുവാന്റെ ഇന്നിങ്സ് ആണ് പാകിസ്താന് വിജയം നൽകിയത്. റിസുവാനും ശഫീഖും ഇന്ന് പാകിസ്താനായി സെഞ്ച്വറി നേടി.
ശ്രീലങ്ക ഉയർത്തിയ 345 എന്ന സ്കോർ പിന്തുടർന്ന പാകിസ്താന് തുടക്കം അത്ര നല്ലതായിരുന്നില്ല.12 റൺസ് എടുത്ത ഇമാമുൽ ഹഖിനെയും 10 റൺസ് എടുത്ത ബാബർ അസമിനെയും അവർക്ക് പെട്ടെന്ന് തന്നെ നഷ്ടമായി. എന്നാൽ അതിനു ശേഴം ഒരുമിച്ച റിസുവാനും അബ്ദുള്ള ശഫീഖും പാകിസ്താനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ശഫീഖ് സെഞ്ച്വറി നേടി. 103 പന്തിൽ നിന്ന് 113 റൺസ് എടുത്താണ് താരം പുറത്തായത്. 3 സിക്സും 10 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്.
റിസുവാൻ ആക്രമിച്ച് കളിച്ച് പാകിസ്താനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 80കളിൽ നിൽക്കുമ്പോൾ റിസുവാന് പരിക്കേറ്റത് അദ്ദേഹത്തിന്റെയും പാകിസ്താന്റെയും വേഗത കുറച്ചു. എങ്കിലും അദ്ദേഹം പരിക്കും വെച്ച് കളിച്ചു. 97 പന്തിൽ റിസുവാൻ സെഞ്ച്വറിയിൽ എത്തി. 121 പന്തിൽ നിന്ന് 134 റൺസ് എടുത്ത് പുറത്താകാതെ നിൽക്കാൻ റിസുവാനായി. 3 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
സൗദ് ശഖീലും കൂടെ റിസുവാനൊപ്പം ചേർന്ന നല്ല ബാറ്റിങ് കാഴ്ചവെച്ചു. 29 പന്തിൽ നിന്ന് 31 റൺസ് എടുത്ത് ശഖീൽ പുറത്താകുമ്പോൾ പാകിസ്താന് ജയിക്കാൻ 33 പന്തിൽ നിന്ന് 37 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. അധികം വിക്കറ്റ് കളയാതെ 48.2 ഓവറിലേക്ക് പാകിസ്താൻ വിജയത്തിൽ എത്തി.
2 മത്സരങ്ങളിൽ നിന്ന് 2 വിജയവുമായി പാകിസ്താൻ നാല് പോയിന്റിൽ എത്തി. ശ്രീലങ്ക ആവട്ടെ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുകയാണ്.
ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ നിന്ന് 344/9 റൺസ് എടുത്തു. കുശാൽ മെൻഡിസിന്റെയും സമരവിക്രമയുടെയും ഇന്നിംഗ്സ് ആണ് ശ്രീലങ്കയ്ക്ക് കരുത്തായത്. കുശാൽ മെൻഡിസ് 65 പന്തിൽ നിന്ന് സെഞ്ച്വറി നേടിക്കൊണ്ട് ശ്രീലങ്കയ്ക്ക് ആയി ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി മാറി. കുശാൽ മെൻഡിസ് ആകെ 77 പന്തിൽ നിന്ന് 122 റൺസ് എടുത്താണ് പുറത്തായത്.
ആറ് സിക്സും 14 ഫോറും അടങ്ങിയതായിരുന്നു കുശാൽ മെൻഡിസിന്റെ ഇന്നിംഗ്സ്. ഹസൻ അലിയെ തുടർച്ചയായ 2 പന്തുകളിൽ സിക്സ് പറത്തിയ മെൻഡിസ്, മൂന്നാം പന്തിലും സിക്സ് അടിക്കാൻ ശ്രമിക്കവെ സിക്സ് ലൈനിൽ ഒരു ക്യാച്ച് നൽകിയാണ് പുറത്തായത്.
സദീര സമരവിക്രമയും ശ്രീലങ്കയ്ക്ക് ആയി ഇന്ന് സെഞ്ച്വറി നേടി. ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്ത സമരവിക്രമ 82 പന്തിൽ ആണ് സെഞ്ച്വറി പൂർത്തിയാക്കിയത്. സമരവിക്രമയുടെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്. 89 പന്തിൽ നിന്ന് 108 റൺസുമായി താരം ഇന്നിങ്സ് അവസാനിപ്പിച്ചു. 2 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.
അവസാനം കൂറ്റനടികൾ നടത്താൻ ശ്രീലങ്കയ്ക്ക് ആവാത്തത് കൊണ്ടാണ് 350ന് മുകളിൽ സ്കോർ എത്താതിരുന്നത്. പാകിസ്താന്റെ ബൗളർമാരിൽ ഹസൻ അലി 4 വിക്കറ്റ് നേടി മെച്ചപ്പെട്ട ബൗളിംഗ് കാഴ്ചവെച്ചു. ഹാരിസ് റഹൂഫ് 2 വിക്കറ്റും വീഴ്ത്തി. ഷഹീൻ അഫ്രീദി, നവാസ്, ശദബ് ഖാൻ, എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.