നെതര്‍ലാണ്ട്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 38/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും അവിടെ നിന്ന് തിരിച്ചുവരവ് നടത്തി 286 എന്ന സ്കോര്‍ നേടി. 49 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. മൊഹമ്മദ് റിസ്വാന്‍ – സൗദ് ഷക്കീൽ എന്നിവരുടെ ബാറ്റിംഗ് മികവിനൊപ്പം മൊഹമ്മദ് നവാസും ഷദബ് ഖാനും അവസാന ഓവറുകളിൽ നടത്തിയ നിര്‍ണ്ണായക ബാറ്റിംഗ് ആണ് ടീമിന് തുണയായത്.
120 റൺസാണ് സൗദ് ഷക്കീൽ – മൊഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. 52 പന്തിൽ 68 റൺസ് നേടിയ സൗദ് ഷക്കീൽ പുറത്തായപ്പോള്‍ റിസ്വാനും 68 റൺസ് നേടിയാണ് പുറത്തായത്. 158/3 എന്ന നിലയിൽ നിന്ന് 188/6 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മൊഹമ്മദ് നവാസ് – ഷദബ് ഖാന്‍ കൂട്ടുകെട്ട് 64 റൺസ് ഏഴാം വിക്കറ്റിൽ നേടി പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.
ഷദബ് ഖാന്‍ 32 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് നവാസ് 39 റൺസുമായി റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു. നെതര്‍ലാണ്ട്സിനായി ബാസ് ഡി ലീഡ് 4 വിക്കറ്റ് നേടി ബൗളിംഗിൽ മികച്ച് നിന്നു. കോളിന്‍ അക്കര്‍മാന്‍ 2 വിക്കറ്റ് നേടി.