അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തിൽ 288 റൺസ് നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനായി വിൽ യംഗും ഗ്ലെന്‍ ഫിലിപ്പ്സും ടോം ലാഥവും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
ഡെവൺ കോൺവേയെ നഷ്ടമാകുമ്പോള്‍ 30/1 എന്ന നിലയില്‍ ആയിരുന്ന ന്യൂസിലാണ്ടിനെ വിൽ യംഗും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ന്യൂസിലാണ്ടിനെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു.
79 റൺസ് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത് രച്ചിന്‍ രവീന്ദ്ര പുറത്തായപ്പോളാണ്. 32 റൺസാണ് രച്ചിന്‍ രവീന്ദ്ര നേടിയത്. അതേ ഓവറിൽ 54 റൺസ് നേടിയ വിൽ യംഗിനെയും അസ്മത്തുള്ള പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ ഡാരിൽ മിച്ചലിനെ റഷീദ് ഖാന്‍ പുറത്താക്കി. 109/1 എന്ന നിലയിൽ നിന്ന് 110/4 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് തകര്‍ന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിന്റെ തിരിച്ചുവരവ് സാധ്യമാക്കി.
ടോം ലാഥം – ഗ്ലെന്‍ ഫിലിപ്പ്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 144 റൺസാണ് നേടിയത്. 71 റൺസാണ് ഗ്ലെന്‍ ഫിലിപ്പ്സ് നേടിയത്. ടോം ലാഥം 68 റൺസ് നേടി. ഇരുവരെയും നവീന്‍ ഉള്‍ ഹക്ക് ആണ് പുറത്താക്കിയത്. മാര്‍ക്ക് ചാപ്മാന്‍ 12 പന്തിൽ 25 റൺസ് നേടി അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ ന്യൂസിലാണ്ട് 288/6 എന്ന മികച്ച സ്കോറിലേക്ക് എത്തി.