ഈ ലോകകപ്പ് മുഹമ്മദ് ഷമിയുടേതാണെന്ന് പറയാം. ഇന്നും ഇന്ത്യയുടെ രക്ഷകനായി മാറുന്ന മുഹമ്മദ് ഷമി ഇന്ന് ഒരു റെക്കോർഡ് തന്റെ പേരിലാക്കി. വില്യംസിന്റെ വിക്കറ്റോടെ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി മുഹമ്മദ് ഷമി മാറി. ഇന്ത്യൻ പേസർ തന്റെ 17-ാം ഇന്നിംഗ്‌സിൽ ആണ് നാഴികക്കല്ലിൽ എത്തിയത്. ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡ് ആണ് ഷമി തകർത്തത്. 19-ാം ഇന്നിംഗ്‌സിൽ ആണ് സ്റ്റാർക്ക് 50 വിക്കറ്റിൽ എത്തിയത്.
ഇന്ന് ന്യൂസിലൻഡിനെതിരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇതുവരെ നാലു വിക്കറ്റുകൾ ഷമി വീഴ്ത്തി. ഇതോടെ ഷമിക്ക് ആകെ ലോകകപ്പിൽ 51 വിക്കറ്റുകൾ ആയി. ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി. ഗ്ലെൻ മഗ്രാത്ത്, മുത്തയ്യ മുരളീധരൻ, സ്റ്റാർക്ക്, ലസിത് മലിംഗ, വസീം അക്രം, ട്രെന്റ് ബോൾട്ട് എന്നിവർക്ക് പിറകെ ലോകകപ്പിൽ 50 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ബൗളറായും ഷമി മാറി.
നേരത്തെ ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരെ
അഞ്ച് വിക്കറ്റും ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരെ അദ്ദേഹം മറ്റൊരു അഞ്ച് വിക്കറ്റും ഷമി നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ രണ്ട് വിക്കറ്റും ഷമി നേടി. ആകെ ഈ ലോകകപ്പിൽ ഷമിക്ക് 20 വിക്കറ്റുകൾ ആയി