ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് ഓസ്ട്രേലിയന്‍ പേസര്‍മാര്‍ക്ക് മുന്നിൽ പിടിച്ചുനിൽക്കുവാന്‍ സാധിക്കാതെ പോകുകയായിരുന്നു. ഡേവിഡ് മില്ലര്‍ നേടിയ ശതകത്തിന്റെ മികവാണ് ദക്ഷിണാഫ്രിക്കയെ 212 റൺസിലേക്ക് എത്തിച്ചത്.
24/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത് ഡേവിഡ് മില്ലറും ഹെയിന്‍റിച്ച് ക്ലാസ്സനും ചേര്‍ന്നാണ്. 95 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്. 47 റൺസ് നേടിയ ക്ലാസ്സനെ ട്രാവിസ് ഹെഡ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ മാര്‍ക്കോ ജാന്‍സനെയും ഹെഡ് മടക്കിയയ്ച്ചു.
ഏഴാം വിക്കറ്റിൽ ഡേവിഡ് മില്ലറും ജെറാള്‍ഡ് കോയെറ്റ്സേയും ചേര്‍ന്ന് 53 റൺസാണ് നേടിയത്. 19 റൺസ് നേടിയ ജെറാള്‍ഡിനെ പുറത്താക്കി കമ്മിന്‍സ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. മില്ലര്‍ തന്റെ ശതകവും ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 റൺസും കടത്തിയ ഉടനെ താരം പുറത്താകുകയായിരുന്നു. കമ്മിന്‍സിന് ആണ് വിക്കറ്റ് ലഭിച്ചത്. 101 റൺസാണ് മില്ലര്‍ നേടിയത്.
ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സും മിച്ചൽ സ്റ്റാര്‍ക്കും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹാസൽവുഡും ട്രാവിസ് ഹെഡും രണ്ട് വീതം വിക്കറ്റും നേടി.