ലോകകപ്പിൽ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ സജീവമായി നിര്‍ത്തുവാന്‍ 402 റൺസെന്ന വിജയ ലക്ഷ്യം ടീം ഇന്ന് നേടണം. ന്യൂസിലാണ്ട് ആദ്യം ബാറ്റ് ചെയ്ത് 401/6 എന്ന കൂറ്റന്‍ സ്കോറാണ് ഏഷ്യന്‍ ടീമിന് മുന്നിൽ വെച്ചിരിക്കുന്നത്. രച്ചിന്‍ രവീന്ദ്രയും കെയിന്‍ വില്യംസണും മികവുറ്റ ബാറ്റിംഗ് പ്രകടനം നടത്തിയാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
കോൺവേയും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 68 റൺസ് നേടിയ ശേഷം 35 റൺസ് നേടിയ കോൺവേയെ ആണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടമായത്. 94 പന്തിൽ 108 റൺസ് നേടിയ രവീന്ദ്രയും 79 പന്തിൽ 95 റൺസ് നേടിയ കെയിന്‍ വില്യംസണും രണ്ടാം വിക്കറ്റിൽ 180 റൺസാണ് കൂട്ടിചേര്‍ത്തത്.
ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായപ്പോള്‍ ആദ്യം കെയിന്‍ വില്യംസൺ ആണ് പവലിയനിലേക്ക് മടങ്ങിയത്. ഡാരിൽ മിച്ചൽ(29), മാര്‍ക്ക് ചാപ്മാന്‍(39), ഗ്ലെന്‍ ഫിലിപ്പ്സ്(41), മിച്ചൽ സാന്റനര്‍(27*) എന്നിവരും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ന്യൂസിലാണ്ട് 401 എന്ന വമ്പന്‍ സ്കോറിലേക്ക് എത്തി. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് വസീം ജൂനിയര്‍ 3 വിക്കറ്റ് നേടി.
ഷഹീന്‍ അഫ്രീദി 10 ഓവറിൽ 90 റൺസാണ് വഴങ്ങിയത്. ഹസന്‍ അലി 82 റൺസും ഹാരിസ് റൗഫ് 85 റൺസും തങ്ങളുടെ മുഴുവന്‍ ക്വാട്ട ഓവറുകളിൽ വിട്ട് നൽകി.