2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. ഇതുവരെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരങ്ങളുടെ ലിസ്റ്റിലും ഏറ്റവും കൂടുതൽ റൺ എടുത്ത ലിസ്റ്റിലും ഇന്ത്യൻ താരങ്ങൾ മുന്നിൽ നിൽക്കുന്നു. ടൂർണമെന്റിലെ 10 മത്സരങ്ങളിൽ നിന്ന് 711 റൺസ് നേടിയ കോഹ്‌ലി നിലവിൽ 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആളാണ്.
ഈ ലോകകപ്പിൽ 90.68 റൺസ് ശരാശരിയിൽ ആണ് കോഹ്ലി 711 റൺസ് നേടിയത്. ആകെ ഈ ലോകകപ്പിൽ 3 സെഞ്ച്വറികളും അഞ്ച് അർധ സെഞ്ച്വറിയും കോഹ്ലി നേടി. 550 റൺസ് നേടിയ രോഹിത് ശർമ്മ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോറർമാരിൽ അഞ്ചാം സ്ഥാനത്ത് ഉണ്ട്.
ശ്രേയസ് അയ്യർ 10 മത്സരങ്ങളിൽ നിന്ന് 75.14 ശരാശരിയിൽ 526 റൺസും ഇതുവരെ നേടിയിട്ടുണ്ട്.
വെറും ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ നേടിയ ഷമി ആണ് ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം. ഇന്ന് മേടിയ ഏഴ് വിക്കറ്റുകൾ ഉൾപ്പെടെ മൂന്ന് തവണ അഞ്ചു വിക്കറ്റ് നേട്ടം മറികടക്കാൻ ഷമിക്ക് ഈ ലോകകപ്പിൽ ആയി.
ജസ്പ്രീത് ബുംറ 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്ത്തി. സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 16 വിക്കറ്റും സഹ സ്പിന്നർ കുൽദീപ് യാദവ് 15 വിക്കറ്റും ടൂർണമെന്റിൽ വീഴ്ത്തി. മുഹമ്മദ് സിറാജ് 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റും വീഴ്ത്തി.