വിരാട് കോഹ്ലിക്ക് 100 അന്താരാഷ്ട്ര സെഞ്ചുറികൾ തികയ്ക്കാൻ ആകും എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഇന്നലെ ന്യൂസിലൻഡിന് എതിരെ സെഞ്ച്വറി നേടിയതോടെ വിരാട് കോഹ്ലി 50 ഏകദിന സെഞ്ച്വറിയിയിൽ എത്തി സച്ചിന്റെ റെക്കോർഡ് മറികടന്നിരുന്നു. ഇനി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ സച്ചിന്റെ റെക്കോർഡ് ആണ് കോഹ്ലിയുടെ മുന്നിൽ ഉള്ളത്. സച്ചിന് 100 സെഞ്ച്വറിയും കോഹ്ലിക്ക് 80 സെഞ്ച്വറിയുമാണ് ഉള്ളത്.
“സച്ചിൻ ടെണ്ടുൽക്കർ 100 സെഞ്ച്വറി നേടിയപ്പോൾ ആരെങ്കിലും വിചാരിച്ചോ അതിന് അടുത്ത് ആരെങ്കിലും വരുമെന്ന്? കോഹ്ലിക്ക് ഇപ്പോൾ 80 അന്താരാഷ്ട്ര സെഞ്ചുറികൾ ആയി. അതിൽ 50 എണ്ണം ഏകദിനത്തിൽ തന്നെ നേടി, അസാദ്ധ്യമായി ഒന്നുമില്ല. കോഹ്ലിയുടെ അടുത്ത 10 ഇന്നിംഗ്‌സുകളിൽ നിങ്ങൾക്ക് മറ്റൊരു അഞ്ച് സെഞ്ച്വറി കൂടി കണ്ടേക്കാം,” ശാസ്ത്രി ഐസിസിയോട് പറഞ്ഞു.
“നിങ്ങൾക്ക് ഗെയിമിന്റെ മൂന്ന് ഫോർമാറ്റുകളുണ്ട്, കോഹ്ലി എല്ലാ ഫോർമാറ്റുകളുടെയും ഭാഗമാണ്. അദ്ദേഹത്തിന് ഇനിയും മൂന്നോ നാലോ വർഷത്തെ ക്രിക്കറ്റ് മുന്നിലുണ്ടെന്ന് കരുതുന്നു. 100 സെഞ്ച്വറിയിൽ കോഹ്ലി എത്താം” അദ്ദേഹം കൂട്ടിച്ചേർത്തു.