ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന സ്കോറുമായി ഇന്ത്യന്‍ ബാറ്റിംഗ് നിര തിമിര്‍ത്ത് കളിച്ചപ്പോള്‍ ന്യൂസിലാണ്ടിനെതിരെ സെമി ഫൈനൽ മത്സരത്തിൽ 397/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. വിരാട് കോഹ്‍ലി തന്റെ അമ്പതാം ഏകദിന ശതകം നേടി ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കറെ മറികടന്നപ്പോള്‍ ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗിൽ, രോഹിത് ശര്‍മ്മ എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി.
രോഹിത് ശര്‍മ്മ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ഒന്നാം വിക്കറ്റിൽ ഇന്ത്യ 71 റൺസാണ് നേടിയത്. രോഹിത് 29 പന്തിൽ 47 റൺസ് നേടി പുറത്താകുകയായിരുന്നു. ശുഭ്മന്‍ ഗിൽ 65 പന്തിൽ 79 റൺസ് നേടി മികവുറ്റ രീതിയിൽ ബാറ്റ് വീശിയെങ്കിലും താരം പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടാകേണ്ടി വന്നു. ഇന്ത്യയുടെ സ്കോര്‍ 164ൽ നിൽക്കുമ്പോളാണ് ഇത്.
പിന്നീട് വിരാട് കോഹ്‍ലി – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് ന്യൂസിലാണ്ട് ബൗളിംഗിനെ നിഷ്പ്രഭമാക്കുന്നതാണ് വാങ്കഡേയിൽ കണ്ടത്. ഇരുവരും ചേര്‍ന്ന് 163 റൺസ് നേടിയപ്പോള്‍ കോഹ്‍ലി തന്റെ 50ാം ശതകം പൂര്‍ത്തിയാക്കുന്നതിനും വാങ്കഡേയിൽ സാക്ഷ്യം വഹിച്ചു. 113 പന്തിൽ 117 റൺസ് നേടിയാണ് കോഹ്‍ലി പുറത്തായത്.
കോഹ്‍ലി പുറത്തായ ശേഷം ബാറ്റിംഗ് ഗിയര്‍ മാറ്റിയ ശ്രേയസ്സ് അയ്യര്‍ 67 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി. 70 പന്തിൽ 105 റൺസ് നേടി അയ്യര്‍ പുറത്താകുമ്പോള്‍ കെഎൽ രാഹുലുമായി താരം 54 റൺസ് നേടി. കെഎൽ രാഹുല്‍ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. വീണ്ടും ക്രീസിലെത്തിയ ഗിൽ 66 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു.
3 വിക്കറ്റ് നേടിയെങ്കിലും ടിം സൗത്തി 100 റൺസാണ് തന്റെ പത്തോവറിൽ വിട്ട് നൽകിയത്.