പരിക്ക് പൂർണ്ണമായും മാറാത്തതിനാൽ ന്യൂസിലൻഡിലെ രണ്ടാം മത്സരത്തിലും ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കളിക്കില്ല. നെതർലൻഡ്സിന് എതിരായ രണ്ടാം മത്സരം കെയ്ൻ വില്യംസൺ കളിക്കില്ല എന്ന് ന്യൂസിലൻഡ് തന്നെ അറിയിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തിലും അദ്ദേഹം കളിച്ചിരുന്നില്ല. ആ മത്സരം വിജയിക്കാൻ ന്യൂസിലൻഡിനായിരുന്നു.
കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് കരകയറുന്ന കെയ്ൻ വില്യംസണ് ആവശ്യത്തിന് വിശ്രമം നൽകി മാത്രം കളിപ്പിക്കാം എന്നാണ് ഇപ്പോൾ ന്യൂസിലൻഡ് തീരുമാനം. ലോകകപ്പിന് മുന്നോടിയായി രണ്ട് സന്നാഹ മത്സരങ്ങളിൽ വില്യംസൺ കളിച്ചിരുന്നു. ബംഗ്ലാദേശിന് എതിരായ ന്യൂസിലൻഡിന്റെ മൂന്നാം മത്സരത്തിൽ അദ്ദേഹൻ തിരികെ ആദ്യ ഇലവനിൽ എത്തും.
മാർച്ചിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ എസിഎൽ ഇഞ്ച്വറിയേറ്റ താരം പിന്നെ കളത്തിൽ ഇറങ്ങിയത് പാകിസ്താനെതിരെ സന്നാഹ മത്സരത്തിൽ ആയിരുന്നു. 15 പേരടങ്ങുന്ന ന്യൂസിലൻഡ് ലോകകപ്പ് ടീമിൽ ഇടംനേടിയ അദ്ദേഹം ലോകകപ്പ് പുരോഗമിക്കുമ്പോൾ ന്യൂസിലൻഡ് ടീമിൽ സ്ഥിര സാന്നിദ്ധ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.