പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോരാട്ടം പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. ക്രിക്കറ്റിൽ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി ഒരു വൈര്യം ഉടലെടുത്തിട്ടുണ്ട്. ഇന്ന് ലോകകപ്പിലെ പോരാട്ടത്തിനിറങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാന്റെ കരുത്തായ സ്പിന്നര്‍മാര്‍ക്ക് മാത്രമല്ല ടീമിനെ വിജയിപ്പിക്കുവാനുള്ള കടമ എന്നാണ് കോച്ച് ജോനാഥന്‍ ട്രോട്ട് പറയുന്നത്.
ഈ വൈര്യം ആവേശകരമാണ്, വളരെ പാഷനേറ്റായ ഒരു പോരാട്ടമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും ട്രോട്ട് കൂട്ടിചേര്‍ത്തു. ലോകകപ്പിലെ ഓരോ മത്സരവും നിര്‍ണ്ണായകമാണെന്നും അതിനാൽ തന്നെ ഈ മത്സരവും മറ്റ് മത്സരങ്ങള്‍ പോലെ നിര്‍ണ്ണായകമാണെന്ന് ആണ് താന്‍ കരുതുന്നതെന്നും ട്രോട്ട് വ്യക്തമാക്കി.
പാക്കിസ്ഥാനെ ഒരിക്കൽ പോലും ഏകദിനത്തിൽ പരാജയപ്പെടുത്തുവാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടില്ലെങ്കിലും ഏതാനും മത്സരങ്ങളിൽ അവര്‍ അടുത്ത് എത്തിയിരുന്നു. ചെന്നൈയിലെ പിച്ചിൽ അഫ്ഗാന്‍ സ്പിന്നര്‍മാരുടെ കരുതുറ്റ പ്രകടനം പാക്കിസ്ഥാന് വെല്ലുവിളി ആയി മാറിയേക്കാമെന്നാണ് ഏവരും കരുതുന്നത്.
ഇതുവരെ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് അവസരത്തിനൊത്തുയര്‍ന്നിട്ടില്ല എന്നതാണ് ടീമിന് മുന്നിലുള്ള വെല്ലുവിളി. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം ടീമിന് ആത്മവിശ്വാസം നൽകുമ്പോള്‍ പാക്കിസ്ഥാന് ഇന്ന് വിജയം തങ്ങളുടെ ലോകകപ്പ് സാധ്യതകളെ സജീവമാക്കുവാന്‍ ഏറെ ആവശ്യമാണ്.