ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ടീമിനൊപ്പം ചേർന്നു. പരിക്ക് കാരണം ഇംഗ്ലണ്ടിന്റെ 15 അംഗ ടീമിൽ ആർച്ചർ ഉണ്ടായിരുന്നില്ല. അതിനാൽ, അദ്ദേഹം ആദ്യം ടീമിനൊപ്പം യാത്ര ചെയ്തിരുന്നില്ല. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം തോറ്റ ഇംഗ്ലണ്ട് ഇപ്പോൾ ആർച്ചറിനെ ടീമിൽ ഉൾപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ്.

ഇതുവരെ 15 അംഗ ടീമിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ആർച്ചറിന് കളിക്കാൻ ആകില്ല. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റീസ് ടോപ്ലിക്ക് പകരം ആർച്ചറിന് ടീമിൽ എടുക്കാൻ ആണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. മെയ് മാസത്തിലാണ് ആർച്ചർ തന്റെ അവസാന പ്രൊഫഷണൽ മത്സരം കളിച്ചത്. ഇതുവരെ 21 ഏകദിന മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച അദ്ദേഹം 42 വിക്കറ്റുകൾ വീഴ്ത്തി. 2019 ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിനെ വിജയിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.














