ലോകകപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിൽ ആദ്യ ബാറ്റു ചെയ്ത പാകിസ്താനെ 191 റൺസിൽ ഒതുക്കി ഇന്ത്യ. 42.4 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടയിൽ പാകിസ്താൻ ഓളൗട്ട് ആയി. ബൗളർമാർക്ക് അത്ര സഹായം കിട്ടാതിരുന്ന പിച്ച് ആയിട്ടും മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ ഇന്ത്യക്ക് ആയി. 155/2 എന്ന നിലയിൽ നിന്നാണ് പാകിസ്താൻ 191 റൺസിന് ഓളൗട്ട് ആയത്.
ഇന്ന് പതിയെ തുടങ്ങിയ പാകിസ്താന് ശഫീഖിന്റെ വിക്കറ്റ് ആണ് ആദ്യം നഷ്ടമായത്. 20 റൺ എടുത്ത ശഫീഖ് സിറാജിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുക ആയിരുന്നു. പിന്നീട് ബാബറും ഇമാമുൽ ഹഖും ചേർന്നു. 38 പന്തിൽ 36 റൺസ് എടുത്ത ഇമാമിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. ബാബർ ഈ ലോകകപ്പിലെ തന്റെ ആദ്യ അർധ സെഞ്ച്വറി നേടിയെങ്കിലും അതിനു പിന്നാലെ അദ്ദേഹത്തെ സിറാജ് ബൗൾഡ് ചെയ്ത് തന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തി.
58 പന്തിൽ നിന്ന് 50 റൺസ് നേടാൻ ബാബറിനായി. ബാബറിന്റെ വിക്കറ്റ് പോകുന്നതിന് മുമ്പ് പാകിസ്താൻ 155-2 എന്ന നല്ല നിലയിൽ ആയിരുന്നു. ബാബർ പോയതിനു പിന്നാലെ പാകിസ്താന്റെ വിക്കറ്റ് ഒന്നിനു പിറകെ ഒന്നായി വീണു. 171-7 എന്ന നിലയിലേക്ക് പാകിസ്താൻ വീഴുന്നത് കാണാൻ ആയി.
6 റൺസ് എടുത്ത സൗദ് ഷക്കീലിനെയും 4 റൺസ് എടുത്ത ഇഫ്തിഖാറിനെയും കുൽദീപ് പുറത്താക്കി. ബുമ്ര തിരികെയെത്തി റിസുവാന്റെയും കുറ്റിയും തെറിപ്പിച്ചു. റിസുവാൻ 69 പന്തിൽ നിന്ന് 49 റൺസ് എടുത്താണ് പുറത്തായത്. അടുത്ത ഓവറിൽ ശദബിന്റെ വിക്കറ്റും ബുമ്രയുടെ പന്തിൽ വീണു.
സ്കോർ 187ൽ ഇരിക്കെ 4 റണ എടുത്ത മുഹമ്മദ് നവാസിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ഹസൻ അലിയെ ജഡേജ പുറത്താക്കി. സ്കോർ 187-9. താമസിയാതെ ജഡേജ തന്റെ രണ്ടാം വിക്കറ്റ് കണ്ടെത്തിയതോടെ ഇന്ത്യൻ വിജയം പൂർത്തിയായി.
ഇന്ത്യക്ക് ആയി കുൽദീപ് 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ബമ്ര 7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും, സിറാജ് 8 ഓവറിൽ 50 റൺസ് വഴങ്ങി 2 വിക്കറ്റും, ഹാർദിക് 6 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റും, ജഡേജ 9.5 ഓവറിൽ 38 റൺസിന് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.