ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. നെതർലാൻസിനെതിരെ ഇന്ത്യ 410-4 സ്കോർ ചെയ്തു. എല്ലാ ബാറ്റർമാരും മികച്ചു നിന്ന ഒരു മത്സരമാണ് ഇന്ന് ഇന്ത്യയിൽ നിന്ന് കാണാൻ കഴിഞ്ഞത്. വെടിക്കെട്ട് സെഞ്ച്വറികളുമായി ശ്രേയസ് അയ്യറും കെ എൽ രാഹുൽ ആണ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി.
ആദ്യ 10 ഓവറിൽ തന്നെ ഇന്ത്യ 90 റൺസ് കടന്നു. ഗിൽ 32 പന്തിൽ നിന്ന് 51 റൺസ് എടുത്തു. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ക്യാപ്റ്റൻ രോഹിത് ശർമ്മ 54 പന്തിൽ നിന്ന് 61 റൺസും എടുത്തു. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. മൂന്നാമതായി വന്ന വിരാട് കോഹ്ലിയും അർദ്ധ സെഞ്ച്വറിയും നേടി. 56 പന്തിലാണ് വിരാട് കോഹ്ലി 51 റൺസ് എടുത്തത്. അതിനുശേഷം ശ്രേയസ് അയ്യറും രാഹുലും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു.
ശ്രേയസ് തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. ഇരുവരും ആക്രമിച്ചാണ് കളിച്ചത്. 42ആം ഓവറിൽ ഇന്ത്യ 300 റൺസ് കടന്നു. രാഹുൽ നാൽപ്പതാം പന്തിലേക്ക് അർധ സെഞ്ച്വറി കടന്നു. 400 എന്ന സ്കോർ ലക്ഷ്യം വെച്ച് കളിക്കാൻ ഇന്ത്യ തുടങ്ങിയതോടെ ബൗണ്ടറികൾ ഒഴുകി.
84 പന്തിൽ ശ്രേയസ് അയ്യർ സെഞ്ച്വറി പൂർത്തിയാക്കി. ശ്രേയസിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. 49ആം ഓവർ എറിഞ്ഞ് വാൻ ബീകിനെതിരെ 3 സിക്സും ശ്രേയസ് അയ്യർ പറത്തി. 25 റൺസ് ആണ് ആ ഓവറിൽ വന്നത്. 94 പന്തിൽ നിന്ന് 128 റൺസ് ആണ് ശ്രേയസ് എടുത്തത്. 5 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്.
കെ എൽ രാഹുൽ അമ്പതാം ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കി. തുടർച്ചയായ രണ്ട് സിക്സ് പറത്തി ആയിരുന്നു രാഹുലിന്റെ സെഞ്ച്വറി 62 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറിയിൽ എത്തിയത്. രാഹുലിന്റെ രണ്ട ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആയി ഇന്നത്തേത്. രാഹുൽ 64 പന്തിൽ നിന്ന് 102 റൺസുമായി ഇന്നിംഗ്സ് അവസാനിപ്പിച്ചു. 4 സിക്സും 11 ഫോറും രാഹുൽ അടിച്ചു. ഇന്ത്യ 50 ഓവറിൽ 410 എന്ന സ്കോറും കുറിച്ചു