ഇന്ത്യ ഇത്ര ആധിപത്യത്തോടെ ഒരു ലോകകപ്പും കളിച്ചിട്ടില്ല. എന്നിട്ടും ഒരു കിരീടം നേടാൻ ഇന്ത്യക്ക് ആയില്ല എന്നത് ഉൾക്കൊള്ളാൻ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ആർക്കും ആകുന്നുണ്ടാകില്ല. ഫൈനൽ വരെ ഒരു ഭയവും ഇല്ലാതെ കളിച്ച ഇന്ത്യ ഇന്ന് സമ്മർദ്ദത്തെ നേരിൽ കണ്ടപ്പോൾ ഭയത്തോടെ കളിക്കുന്നതായാണ് തോന്നിയത്. ആദ്യ ഇന്നിംഗ്സിന്റെ തുടക്കത്തിലെ രോഹിതിന്റെ ബാറ്റിംഗും, രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ ബുമ്രയുടെയും ഷമിയുടെയും ആദ്യ ഓവറുകളിലും മാത്രമാണ് പതിവ് ഇന്ത്യയുടെ നിഴൽ എങ്കിലും കണ്ടത്.
തുടർച്ചയായ പത്ത് വിജയങ്ങളുമായി വന്ന ഇന്ത്യക്ക് ഓസ്ട്രേലിയക്ക് എതിരെ പൊരുതാൻ പോലും ആയില്ല. ബാറ്റിംഗിൽ രാഹുലും കോഹ്ലിയും പടുത്ത കൂട്ടുകെട്ടിൽ ബൗണ്ടറികൾ അകന്നു നിന്നതാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ തിരിച്ചടിയായത്. ഈ പിച്ചിൽ വേണ്ടിയിരുന്ന റണ്ണിനെക്കാൾ ഏറെ പിറകിൽ ആയിരുന്നു ഇന്ത്യ. അവസാനം സൂര്യകുമാർ ക്രീസിൽ ഉള്ളപ്പോൾ അദ്ദേഹവും ആ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. കുൽദീപിന് സിംഗിൾ കൊടുത്ത് സൂര്യകുമാർ നോൺ സ്ട്രൈക്ക് എൻഡിൽ പോയി നിൽക്കുന്നത് ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകിയ കാഴ്ചയായി.
രണ്ടാം ഇന്നിങ്സിൽ ആദ്യം തന്നെ ഒരു ക്യാച്ച് വിടുന്നതാണ് ഇന്ത്യ കണ്ടത്. അതിന് കൊടുത്ത വില ചെറുതായിരുന്നില്ല. ഗില്ലും കോഹ്ലിയും പരസ്പരം നോക്കൊ നിൽക്കെ സ്ലിപ്പിന് ഇടയിലൂടെ ആ പന്ത് ബൗണ്ടറിയിലേക്ക് പോയി. ആദ്യ പത്ത് ഒവറിൽ ഇന്ത്യ 17 എക്സ്ട്ര ആണ് വഴങ്ങിയത്. 240 എന്ന സ്കോർ പ്രതിരോധിക്കുമ്പോൾ വേണ്ട അച്ചടക്കമല്ല അത്.
രോഹിത് ശർമ്മ ബൗളിംഗിൽ ഇന്ന് ശ്രമിച്ച മാറ്റങ്ങളും ഫലം കണ്ടില്ല. ഷമിയെ ആദ്യം കൊണ്ടുവന്നത് ഒരു വിക്കറ്റ് നൽകി എങ്കിലും അത് സിറാജിന്റെ സ്പെൽ അപ്രസക്തമാക്കി മാറ്റി. ന്യൂ ബോളിൽ നല്ല ബൗൾ ചെയ്യുന്ന സിറാജ് ഇന്ന് വൈകി വന്നത് കൊണ്ട് തന്നെ ഒരു സ്വാധീനവും ഉണ്ടാക്കിയില്ല.
ബാറ്റിംഗിൽ ഏറ്റവും കൂടുതൽ റൺസും ആയി കോഹ്ലിയും ബൗളിംഗിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ ആയി ഷമിയും ലോകകപ്പ് ചാർട്ടിൽ മുന്നിൽ നിൽക്കുകയാണ്. ബാറ്റിംഗ് ചാർട്ടിലും ബൗളിംഗ് ചാർട്ടിലും ആധിപത്യം ഉണ്ടായത് കൊണ്ട് കാര്യമില്ല. കിരീടം ഉണ്ടെങ്കിൽ ഇത് ഒരു നല്ല ഓർമ്മയായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒപ്പം ഉണ്ടാവുകയുള്ളൂ. 2003 പോലെ 2023ഉം ഇന്ത്യ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നീറുന്ന വേദനയായി മാത്രം ബാക്കിയാകും.