ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും വിജയിച്ച് ഇന്ത്യ ലോകകപ്പ് ലീഗ് ഘട്ടത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 83 റൺസിന് പുറത്തായി. ഇന്ത്യയുടെ എട്ട് മത്സരങ്ങളിൽ നിന്നുള്ള എട്ടാം വിജയമാണ് ഇത്. ജഡേജ ഇന്ത്യക്ക് ആയി അഞ്ചു വിക്കറ്റ് നേടി ബൗളർമാരിൽ മികച്ചു നിന്നു.
ഇന്നും ഇന്ത്യൻ പേസർമാർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയ. തന്റെ ആദ്യ ഓവറിൽ സിറാജ് ഡി കോക്കിനെ ബൗൾഡ് ആക്കി. വെറും 5 റൺസ് മാത്രമാണ് ഡി കോക്ക് ഇന്ന് നേടിയത്. ഒമ്പതാം ഓവറിൽ ജഡേജയ്ക്ക് പന്ത് നൽകിയ രോഹിതിന് മൂന്നാം പന്തിൽ തന്നെ ഫലം ലഭിച്ചു. ജഡേജ ബാവുമയെ പുറത്തക്കി.
അടുത്ത ഓവറിൽ ഷമിയും വിക്കറ്റ് എടുത്തു. മാക്രമിനെ ആണ് ഷമി പുറത്താകിയത്. മാക്രം 9 റൺസ് മാത്രം എടുത്തു. അടുത്തത് ക്ലാസന്റെ ഊഴം ആയിരുന്നു. ക്ലാസൻ ജഡേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അടുത്ത ഓവറിൽ ഷമി വാൻ ഡെർ ഡുസനെയും എം ബി ഡബ്യു ആക്കി. 13.1 ഓവറിൽ 40/5 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി.
ആറാം വിക്കറ്റിൽ മില്ലറും യാൻസണും കൂട്ടുകെട്ട് പടുക്കാൻ നോക്കി എങ്കിലും വിജയിച്ചില്ല. 11 റൺസ് എടുത്തു നിൽക്കെ മില്ലറിനെ ജഡേജ ബൗൾഡ് ആക്കി. ദക്ഷിണാഫ്രിക്ക 59/6. അധികം വൈകാതെ കേശവ് മഹാരാജിനെയും ജഡേജ പുറത്താക്കി. ദക്ഷിണാഫ്രിക്ക 67-7
14 റൺസ് എടുത്ത് പ്രതിരോധം തീർത്ത യാൻസണെ കുൽദീപ് പുറത്താക്കി. അതിനു പിന്നാലെ റബാദയെ പുറത്താക്കി ജഡേജ തന്റെ അഞ്ചാം വിക്കറ്റ് നേടി. പിന്നാലെ കുൽദീപ് വിജയം പൂർത്തിയാക്കി. ഇന്ത്യക്ക് ആയി ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ ഷമിയും കുൽദീപും 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റു നേടി.
ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന ഈഡൻ ഗാർഡനിലെ സ്ലോ പിച്ചിൽ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യറിന്റെയും പക്വതയാർന്ന ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. വിരാട് സച്ചിന്റെ ഏകദിന റെക്കോർഡിനൊപ്പം എത്തിയ 49ആം സെഞ്ച്വറി ഇന്ന് നേടി.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ഇന്ന് ലഭിച്ചത്. രോഹിത് ശർമ്മ ആക്രമിച്ചു തന്നെ കളി തുടങ്ങി. 24 പന്തിൽ നിന്ന് 40 റൺസ് എടുത്താണ് രോഹിത് പുറത്തായത്. ആദ്യ പത്ത് ഓവറിൽ 90 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. 23 റൺസ് എടുത്ത ഗിൽ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആയി. മഹാരാജിന്റെ മികച്ച സ്പിൻ ഇന്ത്യൻ സ്കോറിംഗിന്റെ വേഗത കുറച്ചു. ശ്രേയസും കോഹ്ലിയും പതുക്കെ കളിച്ച് ഇന്നിംഗ്സ് കെട്ടിപടുത്തു.
ശ്രേയസ് 87 പന്തിൽ നിന്ന് 77 റൺസ് ആണ് എടുത്തത്. 2 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. കെ എൽ രാഹുൽ 8 റൺസ് എടുത്തും പിറകെ പുറത്തായി. അപ്പോഴും കോഹ്ലി ഒരു വശത്ത് ക്ഷമയോടെ ബാറ്റു ചെയ്തു. അവസാനം സൂര്യകുമാർ റൺ കണ്ടെത്തിയതോടെ ഇന്ത്യ 300ലേക്ക് അടുത്തു. സൂര്യ 13 പന്തിൽ നിന്ന് 22 റൺസ് എടുത്ത് പുറത്തായി.
കോഹ്ലി 121 പന്തിൽ നിന്ന് 101 റൺസ് എടുത്തു. 10 ഫോർ അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ജഡേജ അവസാനം 15 പന്തിൽ നിന്ന് 29 റൺസ് എടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് ആയി എൻഡിഡി, യാൻസൺ, റബാഡ, മഹാരാജ്, ഷംസി എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.