പാക്കിസ്ഥാന് ഇലവനിലേക്ക് തിരിച്ചെത്തിയ ഹാരിസ് സൊഹൈലിന്റെ അവിസ്മരണീയ പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് നേടി പാക്കിസ്ഥാന്‍. 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ പാക് മധ്യ നിര താരം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെയെല്ലാം തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. 59 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ഹാരിസ് സൊഹൈല്‍ ഒരു പന്ത് അവശേഷിക്കെ ആണ് പുറത്തായത്.
ഇന്ന് ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 308/7 എന്ന സ്കോറാണ് നേടിയത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷം ഇരുവരെയും ഇരട്ട പ്രഹരവുമായി താഹിറും മുഹമ്മദ് ഹഫീസിനെ എയ്ഡന്‍ മാര്‍ക്രവും പുറത്താക്കിയ ശേഷം ബാബര്‍ അസം-ഹാരിസ് സൊഹൈല്‍ കൂട്ടുകെട്ടാണ് പാക്കിസ്ഥാന് വേണ്ടി മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടി മികച്ച നിലയിലേക്ക് എത്തിച്ചത്.
81/0 എന്ന ശക്തമായ നിലയിലായിരുന്നു പാക്കിസ്ഥാന്‍ 15 ഓവറിനുള്ളിലെത്തിയത്. 44 റണ്‍സ് നേടിയ ഫകര്‍ സമനെയാണ് താഹിര്‍ ആദ്യം പുറത്താക്കിയത്. ഏറെ വൈകാതെ ഇമാം ഉള്‍ ഹക്കിനെയും(44) താഹിര്‍ തന്നെ പുറത്താക്കി. മുഹമ്മദ് ഹഫീസ്(20) പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 30 ഓവറില്‍ നിന്ന് 143 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയിരുന്നത്.
പിന്നീട് തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഹാരിസ് സൊഹൈലും ഒപ്പം ബാബര്‍ അസവും തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. 81 റണ്‍സ് നാലാം വിക്കറ്റില്‍ നേടി കുതിക്കവെ ആന്‍ഡിലെ ഫെഹ്ലുക്വായോ 69 റണ്‍സ് നേടിയ ബാബര്‍ അസമിനെ പുറത്താക്കുകയായിരുന്നു. പിന്നീട് ഹാരിസ് സൊഹൈല്‍ ഒറ്റയ്ക്ക് പാക്കിസ്ഥാനെ 300 കടത്തുന്നതാണ് കണ്ടത്.
9 ഫോറും 3 സിക്സുമാണ് ഹാരിസ് സൊഹൈല്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. ലുംഗിസാനി ഗിഡിയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയത്. അതേ സമയം ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റ് നേടി.