ഹാര്‍ഡ് ഹിറ്റിംഗ് ഹാര്‍ദ്ദിക് പാണ്ഡ്യ, ശതകം നേടി ശിഖര്‍ ധവാന്‍, ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍

Sayooj

ടോപ് ഓര്‍ഡറിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങി ടീം ഇന്ത്യ. ശിഖര്‍ ധവാന്റെ ശതകത്തിനൊപ്പം രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ കൂടിയായപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 22.3 ഓവറില്‍ നിന്ന് 127 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

57 റണ്‍സ് നേടിയ രോഹിത്തും 109 പന്തില്‍ നിന്ന് 117 റണ്‍സ് നേടിയ ശിഖര്‍ ധവാനും പുറത്തായെങ്കിലും വിരാട് കോഹ‍‍്‍ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും എംഎസ് ധോണിയുമെല്ലാം അവസാന ഓവറുകളില്‍ നേടിയ കൂറ്റനടികള്‍ ഇന്ത്യയുടെ സ്കോര്‍ 352 റണ്‍സിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കത്തിക്കയറിയപ്പോള്‍ ഒപ്പം വിരാട് കോഹ്‍ലിയും അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

ഹാര്‍ദ്ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ തന്നെ നല്‍കിയ അവസരം അലെക്സ് കാറെ കൈവിട്ടത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. തന്റെ അര്‍ദ്ധ ശതകം നേടുവാന്‍ ഹാര്‍ദ്ദിക്കിനു സാധിച്ചില്ലെങ്കിലും 27 പന്തില്‍ നിന്ന് 48 റണ്‍സാണ് നേടിയത് 4 ഫോറും 3 സിക്സുമാണ് താരം നേടിയത്.

പിന്നീടെത്തിയ എംഎസ് ധോണിയും അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയെങ്കിലും അവസാന ഓവറില്‍ പുറത്തായി. ധോണി 14 പന്തില്‍ നിന്ന് 27 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ കോഹ്‍ലി പുറത്താകുമ്പോള്‍ താരം 77 പന്തില്‍ നിന്ന് 82 റണ്‍സാണ് നേടിയത്. അവസാന ഓവര്‍ എറിഞ്ഞ സ്റ്റോയിനിസ് ധോണിയുടെയും കോഹ്‍ലിയുടെയും വിക്കറ്റ് നേടുകയായിരുന്നു.