ഓസ്ട്രേലിയക്ക് എതിരായ ലോകകപ്പ് ഫൈനലിൽ ഏറ്റവും നിർണായകമാവുക ശ്രേയസ് അയ്യറിന്റെ പ്രകടനം ആയിരിക്കും എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ലോകകപ്പ് ഫൈനലിൽ ആതിഥേയർക്ക് ഏറ്റവും സ്വാധീനം ചെലുത്തുന്ന കളിക്കാരനായി ശ്രേയസ് മാറുമെന്ന് ഗംഭീർ പ്രവചിക്കുകയും ചെയ്തു.
“ഈ ലോകകപ്പിലെ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഗെയിം ചേഞ്ചറാണ് ശ്രേയസ് അയ്യർ. അദ്ദേഹത്തിന് പരിക്കേറ്റു, തന്റെ സ്ഥാനത്തിന് വേണ്ടി പോരാടേണ്ടി വന്നു, നോക്കൗട്ടിൽ 70 പന്തിൽ സെഞ്ച്വറി നേടുക എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ആയിരിക്കും ഇന്ത്യയുടെ പ്രധാന താരം. ഫൈനലിൽ മാക്‌സ്‌വെല്ലും സാമ്പയും ബൗൾ ചെയ്യുമ്പോൾ ശ്രേയസിനെ ആകും അവർ ആശ്രയിക്കുക,” സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ ഗംഭീർ പറഞ്ഞു.
ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഒരൊറ്റ പതിപ്പിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ മധ്യനിര ബാറ്റ്സ്മാനായി ശ്രേയസ് അയ്യർ കഴിഞ്ഞ കളിയോടെ മാറിയിരുന്നു. ഈ ടൂർണമെന്റിലുടനീളം 526 റൺസാണ് അയ്യർ നേടിയത്.