ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയ ലക്ഷ്യം 286. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ 285 റൺസെടുത്തു. ക്യാപ്റ്റൻ ഫിഞ്ചിന്റെ സെഞ്ചുറിയാണ് ഭേദപ്പെട്ടനിലയിൽ ആസ്ട്രേലിയയെ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എടുത്തിട്ടുണ്ട്. ജെയിംസ് വിൻസാണ് റൺസൊന്നും എടുക്കാതെ പുറത്തായത്.
ടോസ്സ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റൻ മോർഗന്റെ നീക്കം പാളിയതായി ആദ്യം തോന്നിയെങ്കിലും പിന്നീട് ശക്തമായി ഇംഗ്ലണ്ട് മത്സരത്തിൽ തിരിച്ചു വന്നു. ഫിഞ്ച് സെഞ്ചുറിയടിച്ചപ്പോൾ വാർണർ 63 പന്തിൽ 53 റൺസ് നേടി. ഇരു താരങ്ങളും പുറത്തായതിന് ശേഷം ഇംഗ്ലീഷ് ബൗളർമാർ പിടിമുറുക്കി. കവാജ 23ഉം സ്മിത്ത് 38 റൺസ് എടുത്തപ്പോൾ വിക്കറ്റ്കീപ്പർ കാരി 38 റൺസും നേടി. മാക്സ്വെൽ 12 റൺസ് എടുത്ത് പുറത്തായപ്പോൾ സ്റ്റോയിണിസ് 8ഉം കമ്മിൻസ് 1 റൺസും സ്റ്റാർക്ക് 4 റൺസുമാണ് നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഫ്ര ആർച്ചർ,മാർക്ക് വുഡ്, സ്റ്റോക്സ്,മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.