രാഹുല്‍ ദ്രാവിഡിനെ എന്‍സിഎ യുടെ ഹെഡ് ഓഫ് ക്രിക്കറ്റായി നിയമിച്ച് ബിസിസിഐ. എന്‍സിഎയിലെ ക്രിക്കറ്റ് സംബന്ധിച്ച എല്ലാത്തിന്റെയും ചുമതല ഇനി മുന്‍ ഇന്ത്യന്‍ നായകനാവുമെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ ഔദ്യോഗിക പത്രക്കുറിപ്പനുസരിച്ച് രാഹുലിന്റെ ചുമതലകളില്‍ മെന്ററിംഗ്, കോച്ചിംഗ്, പരിശീലനം, താരങ്ങളുടെയും, കോച്ചുകളുടെയും, പിന്തുണ സ്റ്റാഫുകളുടെയും മോട്ടിവേഷന്‍ എല്ലാം ഉള്‍പ്പെടുന്നു.
എന്നാല്‍ ഇന്ത്യ എ, അണ്ടര്‍-19 ടീമുകളുടെ പരിശീലക ചുമതല വഹിക്കുന്ന ദ്രാവിഡ് ഇനി ഈ സ്ഥാനങ്ങളില്‍ തുടരുമോ എന്നത് അറിയില്ല. അതേ സമയം ദ്രാവിഡ് ദേശീയ പുരുഷ-വനിത സ്ക്വാഡുകളുടെ കോച്ചുമാരുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ അണ്ടര്‍ 19, 23, ഇന്ത്യ എ ടീമുകളുടെ കോച്ചുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട് എന്നും ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കുന്നു.