വിന്‍ഡീസ് താരങ്ങളായ ഷായി ഹോപിനോടും ഷിമ്രണ്‍ ഹെറ്റ്മ്യറിനോടുമുള്ള നായകന്‍ ജേസണ്‍ ഹോള്‍ഡറുടെ ഉപദേശം ഇതാണ് – കെയിന്‍ വില്യംസണെ പോലെ ബാറ്റ് ചെയ്യൂ എന്ന്. വില്യംസണ്‍ 79*, 106*, 148 എന്നീ സ്കോറുകള്‍ക്ക് ശേഷം പാക്കിസ്ഥാനെതിരെ 41 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും രണ്ട് മത്സരങ്ങളില്‍ ടീമിന്റെ വിജയം ഉറപ്പിക്കുവാന്‍ ന്യൂസിലാണ്ട് നായകന് സാധിച്ചിരുന്നു. അത് പോലെ ഉത്തരവാദിത്വം കാണിക്കുവാനാണ് തന്റെ ടീമിലെ യുവ താരങ്ങളോട് ഹോള്‍ഡര്‍ ആവശ്യപ്പെടുന്നത്.
ബൗണ്ടറി പോലെ തന്നെ ഏറെ പ്രാധാന്യമുള്ളതാണ് ലോകകപ്പില്‍ സിംഗിളുകളെന്ന് കൂടി സൂചിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയാണ് കെയിന്‍ വില്യംസണ്‍ പുറത്തെടുത്തിട്ടുള്ളത്. ഈ യുവതാരങ്ങളാണ് ടീമിന്റെ ആത്മാവും അടിത്തറയുമെന്നാണ് ഹോള്‍ഡര്‍ പറഞ്ഞത്. അവര്‍ക്ക് മത്സരം എങ്ങനെ കെട്ടിപ്പടുക്കണമെന്നും അവസാനിപ്പിക്കണമെന്നതും പഠിക്കേണ്ടതുണ്ട്. അതിന് അവര്‍ക്ക് ഉദാഹരണമാക്കുവാന്‍ പറ്റിയ ഒരു താരം കെയിന്‍ വില്യംസണ്‍ ആണ്.
വില്യംസണ്‍ എങ്ങനെ മത്സരത്തില്‍ തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തി വലിയ സ്കോറിലേക്ക് നീങ്ങി ഇന്നിംഗ്സ് അവസാനം വരെ ബാറ്റ് ചെയ്യുന്നു എന്നത് ശരിക്കും പാഠ്യ വിഷയമാക്കേണ്ടതാണെന്നാണ് ഹോള്‍ഡര്‍ പറയുന്നത്.