ലോകകപ്പിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ന്യൂസിലാന്റ്. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ന് കീവികൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 244 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്ത് പോയിരുന്നു. എന്നാൽ 17 പന്ത് ബാക്കി നിൽക്കെ 8 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാന്റ് ലക്ഷ്യം കണ്ടു.
ന്യൂസിലാന്റ് നിരയിൽ ഒറ്റയാൾ പോരാട്ടം നടത്തിയത് റോസ് ടൈലറാണ്. 91 പന്തുകൾ നേരിട്ട അദ്ദേഹം 82 റൺസടിച്ചു. ബംഗ്ലാദേശിനെതിരായ ന്യൂസിലാന്റ് ഇന്നിംഗ്സിനെ നയിച്ചതും ടൈലറാണ്. ഓപ്പണർമാരായ ഗപ്റ്റിൽ 25ഉം മണ്രോ 24 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 40 റൺസ് നേടി. ജെയിംസ് നീഷം 25 റൺസും കോളിൻ ഡെ ഗ്രാൻഡ്ഹോം 15 റൺസും അടിച്ചു. ഷാകിബ്, മെഹ്ദി ഹസൻ,മൊസാദെക് ഹുസൈൻ, സെയിഫുദ്ദീൻ എന്നിവർ ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യവേ താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ബംഗ്ലാദേശ് സ്വയം പ്രതിസന്ധി തീര്‍ക്കുകയായിരുന്നു. 64 റണ്‍സുമായി ഷാക്കിബ് ഹസന്‍ മാത്രമാണ് കാര്യമായ പ്രകടനം പുറത്തെടുത്തത്. 49.2 ഓവറില്‍ നിന്ന് 244 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.
തമീം ഇക്ബാല്‍(24), സൗമ്യ സര്‍ക്കാര്‍(25), മുഷ്ഫിക്കുര്‍ റഹിം(19), മുഹമ്മദ് മിഥുന്‍(26), മഹമ്മദുള്ള(20) എന്നിവരെല്ലാം ലഭിച്ച തുടക്കം അധികം തുടരാനാകാതെ പുറത്താകുകയായിരുന്നു. മാറ്റ് ഹെന്‍റി 4 വിക്കറ്റും ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റും നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ എന്നിവരും ബംഗ്ലാ കടുവകളെ എറിഞ്ഞു വീഴ്ത്തി.