ന്യൂസിലാണ്ടിന് ആദ്യ തോല്‍വി സമ്മാനിച്ച് തങ്ങളുടെ ലോകകപ്പ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി പാക്കിസ്ഥാന്‍. ഇന്ന് വിജയിച്ചിരുന്നുവെങ്കില്‍ സെമി സ്ഥാനം ഉറപ്പിക്കുവാന്‍ സാധിക്കുമായിരുന്ന ന്യൂസിലാണ്ടിന് തങ്ങളുടെ സെമി സ്ഥാനത്തിനായി കാത്തിരിക്കണം. ജെയിംസ് നീഷം നേടിയ 97 റണ്‍സിനൊപ്പം 64 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെയും ഇന്നിംഗ്സുകളുടെ ബലത്തില്‍ 237/6 എന്ന സ്കോര്‍ ന്യൂസിലാണ്ട് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ബാബര്‍ അസം ആണ് തിളങ്ങി നിന്ന് ടീമിനെ 49.1 ഓവറില്‍ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ബാബര്‍ 101 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂട്ടിന് ഹാരിസ് സൊഹൈല്‍ 68 റണ്‍സുമായി തിളങ്ങി.
ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹക്കും ഫകര്‍ സമനും വേഗത്തില്‍ പുറത്തായ ശേഷം മുഹമ്മദ് ഹഫീസ് ബാബര്‍ അസം കൂട്ടുകെട്ട് 66 റണ്‍സ് കൂട്ടുകെട്ട് നേടി പാക്കിസ്ഥാന് മികച്ച അടിത്തറ പാകി. എന്നാല്‍ 32 റണ്‍സ് നേടിയ ഹഫീസിനെ കെയിന്‍ വില്യംസണ്‍ പുറത്തായപ്പോള്‍ ന്യൂസിലാണ്ടിന് മത്സരത്തില്‍ പ്രതീക്ഷ വന്നുവെങ്കിലും ഹാരിസ് സൊഹൈല്‍ ക്രീസില്‍ ബാബര്‍ അസമിനൊപ്പമെത്തിയതോടെ കാര്യങ്ങള്‍ പാക്കിസ്ഥാന് അനുകൂലമായി മാറുകയായിരുന്നു.
നാലാം വിക്കറ്റില്‍ 126 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ബാബര്‍ അസം 124 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 101 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഹാരിസ് സൊഹൈല്‍ 68 റണ്‍സ് നേടിയെങ്കിലും വിജയത്തിന് രണ്ട് റണ്‍സ് അകലെ വെച്ച് പുറത്തായി. സര്‍ഫ്രാസ് അഹമ്മദ് ആണ് ബൗണ്ടറി നേടി ടീമിന്റെ വിജയം ഉറപ്പാക്കിയത്.