ലോകകപ്പിലെ ഇന്നത്തെ അവസാന മത്സരം കഴിയുന്നതോടെ ബാബർ അസം പാകിസ്ഥാൻ നായക സ്ഥാനം ഒഴിയും എന്ന് റിപ്പോർട്ട്. ഇന്നത്തെ മത്സര ഫലം എന്തായാലും ബാബർ ക്യാപ്റ്റൻ ആയി തുടരാൻ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഈ ലോകകപ്പിലെ മോശം പ്രകടനം ബാബർ അസമിന് എതിരെ ഏറെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. ഇന്ന് ഇംഗ്ലണ്ടിനെതിരെ അവർ വിജയിച്ചാലും സെമി സാധ്യതകൾ വിദൂരത്താണ്.
ഇന്ത്യയിൽ നിന്ന് തിരിച്ച് പാകിസ്താനിൽ എത്തിയാകും ബാബർ രാജി പ്രഖ്യാപിക്കുക. ബാബർ പാകിസ്താന്റെ മുൻ താരങ്ങളുമായി ചർച്ചകൾ നടത്തിയാണ് രാജി കാര്യം തീരുമാനിച്ചത് എന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് എപ്പോൾ തീരുമാനമെടുക്കുമെന്ന് ബാബറിനോട് ചോദിച്ചപ്പോൾ, “ഞങ്ങൾ പാകിസ്ഥാനിലേക്ക് മടങ്ങുക അല്ലെങ്കിൽ ഈ മത്സരത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എന്നാൽ ഇപ്പോൾ ഞാൻ ഇതിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; അടുത്ത മത്സരത്തിലാണ് എന്റെ ശ്രദ്ധ.” എന്നായിരുന്നു മറുപടി പറഞ്ഞത്.