ഓപ്പണര്‍മാര്‍ നൽകിയ തുടക്കത്തിന്റെ മികവിൽ നാനൂറിന് മേലെ സ്കോര്‍ നേടുവാന്‍ ഓസ്ട്രേലിയയ്ക്കാകുമെന്നാണ് ഏവരും കരുതിയതെങ്കിലും വിക്കറ്റുകളുമായി ന്യൂസിലാണ്ട് ബൗളര്‍മാര്‍ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ധരംശാലയിൽ കണ്ടത്. എന്നാൽ 388 എന്ന കൂറ്റന്‍ സ്കോര്‍ ആണ് ഓസ്ട്രേലിയ നേടിയതെന്നതിനാൽ തന്നെ കാര്യങ്ങള്‍ ന്യൂസിലാണ്ടിന് എളുപ്പമല്ല. 175 റൺസാണ് ഒന്നാം വിക്കറ്റിൽ വാര്‍ണര്‍-ഹെഡ് കൂട്ടുകെട്ട് നേടിയത്.
ഹെഡ് 67 പന്തിൽ 109 റൺസ് നേടിയപ്പോള്‍ വാര്‍ണര്‍ 65 പന്തിൽ 81 റൺസാണ് നേടിയത്. വാര്‍ണര്‍ 6 സിക്സും ഹെഡ് 7 സിക്സുമാണ് മത്സരത്തിൽ നേടിയത്.
ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും പുറത്തായ ശേഷം ഓസ്ട്രേലിയയെ പിടിച്ചുകെട്ടുവാന്‍ ഒരു പരിധി വരെ ന്യൂസിലാണ്ടിന് സാധിച്ചുവെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. മാക്സ്വെൽ 24 പന്തിൽ 41 റൺസ് നേടി.
ന്യൂസിലാണ്ടിനായി ഗ്ലെന്‍ ഫിലിപ്പ്സ് മൂന്നും മിച്ചൽ സാന്റനര്‍ 2 വിക്കറ്റും നേടി. മിച്ചൽ മാര്‍ഷ് 36 റൺസ് നേടിയപ്പോള്‍ ജോഷ് ഇംഗ്ലിസ് 38 റൺസ് നേടി ഓസ്ട്രേലിയയ്ക്കായി ബാറ്റിംഗിൽ തിളങ്ങി.14 പന്തിൽ 37 റൺസ് നേടി പാറ്റ് കമ്മിന്‍സ് അവസാന ഓവറുകളിൽ ഓസ്ട്രേലിയയുടെ ബാറ്റിംഗിനെ ആളിക്കത്തിച്ചപ്പോള്‍ ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി. മാറ്റ് ഹെന്‍റിയ്ക്ക് 2 വിക്കറ്റ് ലഭിച്ചപ്പോള്‍ 49.2 ഓവറിൽ ഓസ്ട്രേലിയ 388 റൺസിന് ഓള്‍ഔട്ട് ആയി.