ഏകദിന ലോകകപ്പിലെ ആദ്യ അട്ടിമറി ഇന്ന് നടന്നു എന്ന് പറയാം. അഫ്ഗാനിസ്താൻ ഇന്ന് നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഡെൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 69 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്താൻ നേടിയത്. അഫ്ഗാൻ ഉയർത്തിയ 285 എന്ന സ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിനെ 40.3 ഓവറിൽ 215 റൺസിൽ എറിഞ്ഞിടാൻ അഫ്ഗാനിസ്താനായി. അവരുടെ ടൂർണമെന്റിലെ ആദ്യ വിജയമാണിത്. ലോകകപ്പ് ചരിത്രത്തിലെ രണ്ടാം വിജയവും
ബൗളർമാർ മികച്ച തുടക്കമാണ് അഫ്ഗാന് നൽകിയത്. 2 റൺസ് എടുത്ത ബെയർസ്റ്റോയെ ഫറൂഖി പുറത്താക്കി. 32 റൺസ് എടുത്ത മലാൻ, 11 റൺസ് എടുത്ത റൂട്ട്, 9 റൺസ് എടുത്ത ബറ്റ്ലർ, 10 റൺസ് എടുത്ത ലിവിങ്സ്റ്റോൺ, 9 റൺസ് എടുത്ത വോക്സ് എന്നിവരെല്ലാം അഫ്ഗാൻ ബൗളർമാർക്ക് മുന്നിൽ പെട്ടെന്ന് വീണൂ.
66 റൺസ് എടുത്ത ബ്രൂക് മാത്രമാണ് പൊരുതിയത്. ബ്രൂകിനെ മുജീബ് പുറത്താക്കി. മുജീബു റഹ്മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് എടുത്ത് ബൗളർമാരിൽ തിളങ്ങി നിന്നു. മുഹമ്മദ് നബി 2 വിക്കറ്റു വീഴ്ത്തി. നവീനുൽ ഹഖ്, അഫസൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 49.5 ഓവറിൽ 284 റൺസ് എടുത്ത് ഓളൗട്ട് ആയിരുന്നു. 57 പന്തിൽ നിന്ന് 80 റൺസ് അടിച്ച ഗുർബാസ് ആണ് അഫ്ഗാനിൽ ഏറ്റവും തിളങ്ങിയത്. ഇക്രാം 58 റൺസും എടുത്തു. ഇംഗ്ലണ്ടിന് ഇത് ഈ ലോകപ്പിലെ രണ്ടാം പരാജയമാണ്.