പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ വിജയം അനിവാര്യമായിരുന്നു ഓസ്ട്രേലിയക്ക് തോൽവി. സൗത്ത് ആഫ്രിക്കയാണ് ഓസ്ട്രേലിയയെ 10 റൺസിന് തോൽപ്പിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 325 റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ വാർണറിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ പൊരുതി നോക്കിയെങ്കിലും 315 റൺസിന് ഓസ്‌ട്രേലിയൻ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
ഓസ്ട്രേലിയക്ക് വേണ്ടി 122 റൺസ് എടുത്ത വാർണർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 69 പന്തിൽ 85 റൺസ് എടുത്ത കാരെ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ 11 പന്തിൽ 16 എടുത്ത സ്റ്റാർകും 6പന്തിൽ 11 റൺസ് എടുത്ത ബെഹറെൻഡോഫും പൊരുതി നോക്കിയെങ്കിലും മറ്റു ബാറ്റ്സ്മാൻമാർക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതോടെ ഓസ്ട്രേലിയ തോൽവി സമ്മതിക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കക്ക് വേണ്ടി സെഞ്ചുറി നേടിയ ഡ്യൂ പ്ലെസിയുടെ പ്രകടനവും 95 റൺസ് എടുത്ത് പുറത്തായ വാൻ ഡെർ ഡുസണിന്റെ പ്രകടനവുമാണ് അവരുടെ സ്കോർ 325ൽ എത്തിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അർദ്ധ സെഞ്ചുറി നേടിയ ഡി കോക്കിന്റെ പ്രകടനവും 34 റൺസ് എടുത്ത മാർക്രമിന്റെ പ്രകടനവും സൗത്ത് ആഫ്രിക്കക്ക് തുണയായി.
തോൽവിയോടെ ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ സെമിയിൽ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആവും ഓസ്ട്രേലിയയുടെ എതിരാളികൾ. ഓസ്ട്രേലിയ തോറ്റതോടെ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യ സെമിയിൽ ന്യൂസിലൻഡിനെ നേരിടും.