അക്രമിനെ മറികടന്ന് മലിംഗ, ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാമന്‍

Sports Correspondent

ഇന്ത്യയുടെ ലോകേഷ് രാഹുലിനെ പുറത്താക്കി തന്റെ അവസാന ലോകകപ്പ് മത്സരത്തിലെ സ്പെല്ലില്‍ ഒരു വിക്കറ്റ് നേട്ടവുമായി മലിംഗ മടങ്ങുമ്പോള്‍ പാക്കിസ്ഥാന്റെ വസീം അക്രമിനെ മറികടക്കുവാനായി എന്ന ആശ്വാസത്തോടെയകും ഈ ശ്രീലങ്കന്‍ ഇതിഹാസ താരത്തിന്റെ മടക്കം. ഇന്ന് 10 ഓവറില്‍ നിന്ന് 82 റണ്‍സാണ് മലിംഗ വഴങ്ങിയത്. ലോകകപ്പിലെ തന്റെ അവസാന മത്സരം അത്ര ശ്രദ്ധേയമാക്കുവാന്‍ മലിംഗയ്ക്കായില്ലെന്നത് താരത്തിനും ആരാധകര്‍ക്കും നിരാശ നല്‍കുന്ന കാര്യമാണ്.

വസീം അക്രം നേടിയ 55 വിക്കറ്റുകളുടെ നേട്ടത്തെയാണ് രാഹുലിന്റെ വിക്കറ്റോടെ മലിംഗ മറികടന്നത്. 56 വിക്കറ്റാണ് ലസിത് മലിംഗയുടെ നേട്ടത്തിന്റെ പട്ടികയിലുള്ളത്. 71 വിക്കറ്റുമായി ഗ്ലെന്‍ മക്ഗ്രാത്തും 68 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനുമാണ് പട്ടികയില്‍ മലിംഗയ്ക്ക് മുന്നിലായുള്ളത്.