ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ടൂർണ്ണമെന്‍റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒൻപത് വിക്കറ്റിനാണ് കേരളം ചണ്ഡീഗഢിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢിനെ കേരളം വെറും 84 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ 14ആം ഓവറിൽ കേരളം ലക്ഷ്യത്തിലെത്തുകയും ചെയ്തു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചണ്ഡീഗഢിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബൌളർമാർ അനുവദിച്ചില്ല. വെറും രണ്ട് ബാറ്റർമാർ മാത്രമാണ് ചണ്ഡീഗഢ് നിരയിൽ രണ്ടക്കം കടന്നത്. സ്കോർ ഏഴിൽ നില്ക്കെ തന്നെ ചണ്ഡീഗഢിൻ്റെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ചാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി വിനയ കേരളത്തിന് മുൻതൂക്കം നല്കി. തുടർന്ന് മുറയ്ക്ക് വിക്കറ്റുകൾ വീണ ചണ്ഡീഗഢിന് വേണ്ടി 40 റൺസെടുത്ത ആരാധന ബിഷ്ഠ് മാത്രമാണ് ഭേദപ്പെട്ട പ്രകടം കാഴ്ച വച്ചത്. കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവുമായി വിനയ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു. ഷാനിയും അലീന സുരേന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മൃദുല ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് അനായാസം വിജയത്തിലെത്തിച്ചു. ഷാനി 39ഉം അക്ഷയ 25ഉം റൺസുമായി പുറത്താകാതെ നിന്നു. ദൃശ്യ 16 റൺസെടുത്ത് പുറത്തായി. ലഖ്നൌവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.