കിരീടം ചൂടി ഇംഗ്ലണ്ട് വനിതകള്‍

ത്രിരാഷ്ട്ര ടി20 പരമ്പര ഫൈനലില്‍ ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് വനിതകള്‍ നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിനു എന്നാല്‍ ഇന്നിംഗ്സ് വിചാരിച്ച രീതിയില്‍ പടുത്തുയര്‍ത്താനായില്ല. മികച്ച തുടക്കത്തിനു ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു ഗതി നഷ്ടപ്പെടുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 55 റണ്‍സാണ് സോഫി ഡിവൈന്‍-സൂസി ബെയ്റ്റ്സ് കൂട്ടുകെട്ട് നേടിയത്. 18 പന്തില്‍ 31 റണ്‍സ് നേടി സോഫി പുറത്തായി ഏതാനും ഓവറുകള്‍ക്ക് ശേഷം 31 റണ്‍സ് നേടിയ സൂസി ബെയ്റ്റ്സും പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ട് 137 റണ്‍സ് മാത്രമേ നേടാനായുള്ളു.

രണ്ട് വീതം വിക്കറ്റുമായി ഡാനിയേല്‍ ഹാസല്‍, സോഫി എക്സല്‍സ്റ്റോണ്‍, കാത്തറിന്‍ ബ്രണ്ട് എന്നിവര്‍ക്കൊപ്പം അന്യ ഷ്രുബ്സോള്‍ കാറ്റി ജോര്‍ജ്ജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ വയട്ട് അര്‍ദ്ധ ശതകം നേടിയപ്പോള്‍ താമി ബ്യൂമോണ്ട് 35 റണ്‍സ് നേടി പുറത്തായി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. എന്നാല്‍ 102/1 എന്ന നിലയില്‍ നിന്ന് 102/3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് നത്താലി സ്കിവര്‍-ഹീത്തര്‍ നൈറ്റ് കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 39 റണ്‍സാണ് നേടിയത്. ഇരുവരും പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

ന്യൂസിലാണ്ടിനായി അമേലിയ കെര്‍ രണ്ടും നായിക സൂസി ബെയ്റ്റ്സ് ഒരു വിക്കറ്റും നേടി. വെറും 17.1 ഓവറിലാണ് ഇംഗ്ലണ്ട് ജയം നേടി കിരീടം ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന മത്സരത്തില്‍ ആശ്വാസ ജയവുമായി അയര്‍ലണ്ട്

ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആശ്വാസ ജയം കണ്ടെത്തി ആതിഥേയരായ അയര്‍ലണ്ട്. ഇന്ന് നടന്ന മൂന്നാം ടി20യില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ 6 വിക്കറ്റ് ജയം നേടുകയായിരുന്നു അയര്‍ലണ്ട്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ബംഗ്ലാദേശ് പരമ്പര നേരത്തെ തന്നെ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ അത്രയും തന്നെ വിക്കറ്റുകളുടെ നഷ്ടത്തില്‍ അവസാന പന്തിലാണ് അയര്‍ലണ്ട് വിജം കരസ്ഥമാക്കിയത്.

ഫര്‍ഗാന ഹക്ക് 66 റണ്‍സുമായി ബംഗ്ലാദേശിനു വേണ്ടി പുറത്താകാതെ നിന്നു. ഷമീമ സുല്‍ത്താന 30 റണ്‍സും അയഷ റഹ്മാന്‍ 27 റണ്‍സും നേടി ടീമിലെ രണ്ടക്കം കടന്നവരായി. ഗാബി ലൂയിസ്-ലോറ ഡെലാനി കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 93 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്.

ഗാബി ലൂയിസ് 31 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് റണ്ണൗട്ടായപ്പോള്‍ ലോറ ഡെലാനിയും(38 പന്തില്‍ 46) റണ്ണൗട്ടായി പുറത്താകുകയായിരുന്നു. എന്നാല്‍ 14 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടിയ ഇസോബെല്‍ ജോയ്സ് ടീമിന്റെ വിജയം ഉറപ്പാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version