അവസാന മത്സരത്തില്‍ ആശ്വാസ ജയവുമായി അയര്‍ലണ്ട്

ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആശ്വാസ ജയം കണ്ടെത്തി ആതിഥേയരായ അയര്‍ലണ്ട്. ഇന്ന് നടന്ന മൂന്നാം ടി20യില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ 6 വിക്കറ്റ് ജയം നേടുകയായിരുന്നു അയര്‍ലണ്ട്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ബംഗ്ലാദേശ് പരമ്പര നേരത്തെ തന്നെ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ അത്രയും തന്നെ വിക്കറ്റുകളുടെ നഷ്ടത്തില്‍ അവസാന പന്തിലാണ് അയര്‍ലണ്ട് വിജം കരസ്ഥമാക്കിയത്.

ഫര്‍ഗാന ഹക്ക് 66 റണ്‍സുമായി ബംഗ്ലാദേശിനു വേണ്ടി പുറത്താകാതെ നിന്നു. ഷമീമ സുല്‍ത്താന 30 റണ്‍സും അയഷ റഹ്മാന്‍ 27 റണ്‍സും നേടി ടീമിലെ രണ്ടക്കം കടന്നവരായി. ഗാബി ലൂയിസ്-ലോറ ഡെലാനി കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 93 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്.

ഗാബി ലൂയിസ് 31 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് റണ്ണൗട്ടായപ്പോള്‍ ലോറ ഡെലാനിയും(38 പന്തില്‍ 46) റണ്ണൗട്ടായി പുറത്താകുകയായിരുന്നു. എന്നാല്‍ 14 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടിയ ഇസോബെല്‍ ജോയ്സ് ടീമിന്റെ വിജയം ഉറപ്പാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version