ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിലേതില്‍ ആദ്യത്തേതില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 19.3 ഓവറില്‍ 155 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. താനിയ ഭാട്ടിയ(46), ജെമിമ റോഡ്രിഗസ്(36), അനൂജ പാട്ടില്‍(36), വേദ കൃഷ്ണമൂര്‍ത്തി(21) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.
ശ്രീലങ്കയ്ക്കായി ഉദ്ദേശിക പ്രബോധിനി, ചാമരി അട്ടപ്പട്ടു എന്നിവര്‍ രണ്ട് വിക്കറ്റും ഓരോ വിക്കറ്റുമായി നീലാക്ഷി ഡി സില്‍വ, ശ്രീപാലി വീരക്കോടി, ശശികല സിരിവര്‍ദ്ധനേ എന്നിവരും തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് ടീം പിന്നോട്ട് പോയി. മൂന്നോവറില്‍ 39 റണ്‍സ് നേടിയ ശേഷം യശോദ മെന്‍ഡിസിനെ(12 പന്തില്‍ 32 റണ്‍സ്) നഷ്ടമായ ശ്രീലങ്കയ്ക്കായി എഹ്സാനി ലോകുസുരിയാഗേ 45 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ചാമരി അട്ടപ്പട്ടു 27 റണ്‍സ് നേടി പുറത്തായി.
19.3 ഓവറില്‍ ടീം 155 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റുമായി പൂനം യാദവ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങി. രാധ യാദവ്, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റും അനൂജ പാട്ടില്‍, അരുന്ധതി റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റും നേടി.